: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം സിമന്റ് വ്യാപാര മേഖലയിൽ വീണ്ടും പ്രതിസന്ധി. വ്യാഴാഴ്ച മുതലാണ് ഇരുട്ടടിയായി സിമന്റ് വില ഒറ്റയടിക്ക് 50 രൂപ വർധിപ്പിച്ചത്. 410 രൂപയുണ്ടായിരുന്ന ഒരു ചാക്ക് സിമന്റ് വിലയാണ് ഒറ്റയടിക്ക് 460 രൂപയിലേക്ക് ഉയർത്തിയത്. കോവിഡും ലോക്ഡൗണും മൂലമുണ്ടായിരുന്ന പ്രതിസന്ധിയിൽനിന്ന് നിർമാണ മേഖല കരകയറുന്നതിനിടെയാണ് ഇപ്പോഴത്തെ അന്യായമായ വിലക്കയറ്റം.

കെട്ടിട നിർമാണ മേഖലയെ ഇത് പ്രതിസന്ധിയിലാക്കും.

ബുധനാഴ്ചയാണ് സിമന്റ് കമ്പനികളുടെ വില സംബന്ധിച്ചുള്ള നിർദേശം വ്യാപാരികൾക്ക് ലഭിച്ചത്. സാധാരണ എസ്.എം.എസ്. ആയാണ് വില സംബന്ധിച്ചുള്ള നിർദേശം വരാറുള്ളതെങ്കിൽ, ഇത്തവണ വാക്കാലാണ് വില കൂട്ടി വിൽക്കാൻ നിർദേശം ലഭിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വൻകിട കമ്പനികൾ ഇടുന്ന ഇൻവോയിസ് വില 525 രൂപയാണ്. ഇതിൽ കമ്പനികൾ വ്യാപാരികൾക്ക് നൽകുന്ന 65 രൂപ ഡിസ്‌കൗണ്ട് കുറച്ച് വിറ്റാൽ മതിയെന്നാണ് നിർദേശം.

ജൂണിൽ സിമന്റ് വില 500 രൂപ കടക്കുന്ന സാഹചര്യമുണ്ടായിരുന്നു. സിമന്റിന് വില കൂട്ടുകയും ഡിസ്‌കൗണ്ട് എടുത്തുകളയുകയുമായിരുന്നു കമ്പനികൾ. എന്നാൽ, വ്യാപാരികൾ ഇതിനെതിരേ പ്രതിഷേധം കടുപ്പിച്ചു. ഒടുവിൽ സിമന്റിന്റെ വില്പന കുറഞ്ഞ് വിപണിയിൽ ഡിമാൻഡ് കുറഞ്ഞതോടെ കമ്പനികൾ തീരുമാനത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു.

കൽക്കരി ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ വില വർധന. എന്നാൽ, ഇത്ര വലിയ അളവിൽ ഒറ്റയടിക്ക് വില വർധിപ്പിച്ചതിനെ സിമന്റ് വ്യാപാരികൾ എതിർക്കുകയാണ്. നിർമാണവും സിമന്റിന്റെ വ്യാപാരവും നിർത്തിവെച്ച് നിർമാണ മേഖലയിൽ ബന്ദ് ആചരിക്കുന്ന തലത്തിലേക്കാണ് നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

സിമന്റ് വിലയുടെ കാര്യത്തിൽ നേരത്തെ സിമന്റ് കമ്പനി പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടായില്ല. കേരളത്തിനാകെ വേണ്ട സിമന്റിന്റെ ആറ് ശതമാനം മാത്രം വരുന്ന സിമന്റാണ് മലബാർ സിമന്റ്സ്‌ ഉത്പാദിപ്പിക്കുന്നത്. ഇത് 25 ശതമാനമായി ഉയർത്തി വില വർധനയിൽ ഇടപെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി അറിയിച്ചിരുന്നു.

സർക്കാർ ഇടപെടണം

സർക്കാർ അടിയന്തരമായി ഇടപെട്ട് കമ്പനികളെക്കൊണ്ട് വില കുറപ്പിക്കണം. കേരളത്തിന്റെ നിർമാണ മേഖലയെ ആകെ തകർക്കുന്ന നടപടിക്കെതിരേ ശക്തമായ പ്രതിഷേധം തുടങ്ങും.

- സിറാജുദ്ദീൻ ഇല്ലത്തോടി

കൺവീനർ, കോൺഫെഡറേഷൻ ഓഫ് കൺസ്‌ട്രക്ഷൻ ഇൻഡസ്ട്രി