കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ ‘ടീച്ചർ’ എന്ന പേരിൽ അറിയപ്പെടുന്ന സുസ്മിത ഫിലിപ്പുമായി നിരന്തര ബന്ധം പുലർത്തിയിരുന്നവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ എക്‌സൈസ് ക്രൈംബ്രാഞ്ച്. കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തുന്ന പ്രധാനിയാണ് സുസ്മിതയെന്നാണ് കണ്ടെത്തൽ എന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു.

സുസ്മിതയുമായി ബന്ധമുള്ളവരിൽ സംശയം തോന്നിയവരെയെല്ലാം വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മയക്കുമരുന്ന് ഇടപാടിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യും. ഇപ്പോൾ 12 പേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി തീർന്ന സുസ്മിതയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സുസ്മിതയും മറ്റും പ്രതികളും താമസിച്ചിരുന്ന എം.ജി. റോഡിലെ ഹോട്ടൽ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ഇവിടെ റേവ് പാർട്ടി സംഘടിപ്പിച്ചിരുന്നുവോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളും രജിസ്റ്ററും പരിശോധിച്ച് ഹോട്ടലിൽ സുസ്മിതയെ കാണാൻ എത്തിയവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എക്‌സൈസ് ക്രൈംബ്രാഞ്ച്.

സുസ്മിത അന്വേഷണത്തോട് പൊതുവേ സഹകരിക്കുന്നില്ല. ചോദ്യങ്ങളോടെല്ലാം സുസ്മിത മൗനം പാലിച്ചു. പ്രതികളുടെ ഫോൺ വിളി വിവരങ്ങളുടെയും (സി.ഡി.ആർ.) ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെയും പരിശോധന പുരോഗമിക്കുകയാണ്. സുസ്മിതയുടെ സിനിമാ ബന്ധം സംബന്ധിച്ചും ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.