പള്ളുരുത്തി: കീം പ്രവേശന പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്ക് ജോനാഥൻ എസ്. ഡാനിയേലിന്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. സുനിൽ ഡാനിയേലിന്റെയും കെ.എസ്.എഫ്.ഇ. എറണാകുളം മെയിൻ ബ്രാഞ്ചിൽ മാനേജരായ റീന ജോസഫിന്റെയും മകനാണ് ജോനാഥൻ. പള്ളുരുത്തി ഏറണാട്ട് റോഡിലാണ് താമസിക്കുന്നത്. എൻജിനീയറിങ് വിഭാഗത്തിൽ റാങ്കുണ്ടെങ്കിലും എൻജിനീയറാകാനില്ലെന്ന് ജോനാഥൻ. അച്ഛനെ പോലെ ഡോക്ടറാകാനാണ് ആഗ്രഹം.

’ഒരു പരീക്ഷണം എന്ന നിലയിൽ കീം പരീക്ഷ എഴുതിയതാണ്. മെഡിസിൻ തന്നെയാണ് ആഗ്രഹം. നീറ്റ് പരീക്ഷയിലാണ് പ്രതീക്ഷ’ - ജോനാഥൻ പറയുന്നു. ലക്ഷ്യത്തിലേക്ക് എത്താനുള്ള ചവിട്ടുപടി എന്ന നിലയിലാണത്രെ പ്രവേശന പരീക്ഷ എഴുതിയത്.

കാക്കനാട് നൈപുണ്യ പബ്ലിക്‌ സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. അവിടെത്തന്നെ പ്രവേശന പരീക്ഷയ്ക്കുള്ള പ്രത്യേക ക്ലാസുകളുമുണ്ടായിരുന്നു. ഫിസിക്സിലാണ് കൂടുതൽ കേന്ദ്രീകരിച്ചതെന്ന് ജോനാഥൻ. എല്ലാ ദിവസവും രാത്രി 12.30 വരെ പഠിക്കും. രാവിലെ ആറിന് വീണ്ടും പഠനം തുടങ്ങും. കുട്ടിക്കാലം മുതൽ ഡോക്ടറാകാനാണ് ആഗ്രഹിച്ചത്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോഴും. തൊടുപുഴയിൽനിന്ന് 40 വർഷം മുമ്പ് പള്ളുരുത്തിയിലേക്ക് വന്നതാണ് ഇവരുടെ കുടുംബം.