: ഓണവും കഴിഞ്ഞു, ലോട്ടറി വില്പനയിലൂടെ സർക്കാർ ബംബർ നേട്ടവും കൊയ്തു. എന്നിട്ടും തൊഴിലാളികൾക്ക് ബോണസ് കൊടുത്തു തീർക്കുന്നില്ല ലോട്ടറി വകുപ്പ്. ഇനിയും 12,556 ലോട്ടറി തൊഴിലാളികൾക്കാണ് ബോണസിന്റെ രണ്ടാം ഗഡു കിട്ടാനുള്ളത്. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണക്കുകളിൽ സംഭവിച്ച പിഴവു മൂലമാണ് തങ്ങൾക്ക് ഓണം ബോണസിന്റെ രണ്ടാം ഗഡു ലഭിക്കാത്തതെന്ന് തൊഴിലാളികൾ പറയുന്നു. ഇതിനെതിരേ മുഖ്യമന്ത്രിക്കും ക്ഷേമനിധി ബോർഡിനും തൊഴിലാളികൾ പരാതി നൽകിയിരുന്നു. പ്രതിഷേധം വന്നതോടെ മുടങ്ങിയ ആനുകൂല്യം സെപ്റ്റംബർ ആദ്യവാരം നൽകുമെന്ന് ബോർഡ് അറിയിച്ചിരുന്നതാണ്. എന്നാൽ, ഒക്ടോബർ ആരംഭിച്ചിട്ടും ആർക്കും ആനുകൂല്യം നൽകിയിട്ടില്ല.

ലോട്ടറി ക്ഷേമനിധി ബോർഡിനു കീഴിലുള്ള 55,000 സജീവ അംഗങ്ങൾക്ക് 3000 രൂപ വീതവും 4704 പെൻഷൻകാർക്ക് 1000 രൂപ വീതവും ഓണം ആനുകൂല്യത്തിൽനിന്ന് അഡ്വാൻസായി നൽകാനായിരുന്നു തീരുമാനം. ഓഗസ്റ്റ് 17-ന് അഡ്വാൻസ് വകയിൽ ആദ്യ ഗഡു നൽകി. ആദ്യ ഗഡുവായി 16,97,400 രൂപ അനുവദിച്ച് വിതരണം ചെയ്തിരുന്നു. ജൂലായിൽ ഒരു വർഷം പൂർത്തിയാക്കിയ സജീവ അംഗങ്ങളെയും കുടിശ്ശിക തീർത്ത് അംഗത്വം പുതുക്കിയവരെയും ഏപ്രിൽ വരെ അർഹത നേടിയ പെൻഷൻകാരെയുമാണ് ആനുകൂല്യം ലഭിക്കാൻ പരിഗണിച്ചത്.

എന്നാൽ, രണ്ടാഴ്ചയ്ക്കു ശേഷം ഇറങ്ങിയ രണ്ടാം ഗഡു ഉത്തരവിൽ 42,444 സജീവ അംഗങ്ങൾക്ക് 3000 രൂപ വീതവും 4754 പെൻഷൻകാർക്ക് 1000 രൂപ വീതവും നൽകാനുമാണ് ബോർഡ് ഉത്തരവ് നൽകിയത്. ഇതോടെ ആദ്യ ഗഡു അഡ്വാൻസായി ലഭിച്ച 12,556 സജീവ അംഗങ്ങൾ പട്ടികയ്ക്ക് പുറത്തായി. പെൻഷൻകാരായ 50 പേർ അധികമായി പട്ടികയിൽ ഇടം നേടുകയും ചെയ്തു.

ബോർഡ് ശുപാർശ ചെയ്യണം

ബോണസിന് അർഹതയുള്ള എല്ലാവർക്കും തുക നൽകേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട പേപ്പറുകളെല്ലാം നീക്കിയെന്ന് ബോർഡിൽനിന്ന് അറിയിച്ചെങ്കിലും ഒരു നീക്കുപോക്കുമുണ്ടായിട്ടില്ല. ക്ഷേമനിധി ബോർഡ് യോഗം കൂടി തീരുമാനമെടുത്ത് ഇവരെ കൂടി ഉൾപ്പെടുത്തണമെന്നു കാണിച്ച് സർക്കാരിലേക്ക് ശുപാർശ ചെയ്യണം. വെള്ളിയാഴ്ച നടക്കുന്ന ട്രേഡ് യൂണിയൻ യോഗത്തിൽ ലോട്ടറി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അജൻഡയാക്കും