കൊച്ചി : സംസ്ഥാനത്ത് സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങൾ 2017-ലെ മെന്റൽ ഹെൽത്ത് കെയർ ആക്ട് മുൻനിർത്തി മാത്രമാകണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. നിലവിൽ എം.എ. സോഷ്യോളജി, സൈക്യാട്രിക് സോഷ്യൽ വർക്കിൽ ഡിപ്ലോമയോടു കൂടി എം.എ. സൈക്യാട്രി, എം.എസ്.ഡബ്ല്യു. ബിരുദമുള്ളവർ, സൈക്യാട്രിക് സോഷ്യൽ വർക്കിൽ പി.ജി. ഡിപ്ലോമയുള്ളവർ എന്നിവരെ ഈ തസ്തികയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ, ഇത് മെന്റൽ ഹെൽത്ത് ആക്ടിന്റെ നിർദേശത്തിന് എതിരാണ് എന്നതിനാലാണ് നിയമന രീതി മാറ്റുന്നത്.

ഇതോടെ 2019 ഡിസംബറിലെ പി.എസ്.സി. വിജ്ഞാപനങ്ങൾ റദ്ദാക്കും. പുതിയ ഉത്തരവ് പ്രകാരം സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിലുമാണ് ഈ തസ്തികയിലേക്ക് വേണ്ട യോഗ്യത.

ഈ യോഗ്യതയുള്ളവർ കേരള സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നവരുമായിരിക്കും. നാല്പതോളം പേരാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയോ കരാർ അടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയില്ലാത്തവരെ നിയമിക്കുകയോ ആണ് ചെയ്യുന്നത്.

നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവരും എന്നാൽ, ഇപ്പോൾ നിർദേശിച്ച യോഗ്യത ഇല്ലാത്തവരുമായവരെ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഇവർക്ക് പുനർപഠനത്തിന് അവസരം കൊടുക്കുകയോ ആരോഗ്യവകുപ്പിലെ മറ്റ് തസ്തികയിലേക്ക് മാറ്റുകയോ വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിക്കുന്നത്.