കണ്ണൂർ: യു.ജി.സി.യുടെ കീഴിലുള്ള നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ കണ്ണൂർ സർവകലാശാലയുടെ പ്രവർത്തനം വിലയിരുത്താൻ പരിശോധന തുടങ്ങി. സർവകലാശാലാ ആസ്ഥാനത്ത് വൈസ്ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ നാക് സംഘത്തെ സ്വീകരിച്ചു.

2016-ലെ പരിശോധനയ്ക്ക് ശേഷം സർവകലാശാലയിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ, പുതിയ കോഴ്‌സുകൾ, ഗവേഷണമേഖലയിലെ നേട്ടങ്ങൾ എന്നിവയെക്കുറിച്ച് വൈസ്ചാൻസലർ നാക് സംഘത്തിന് വിശദീകരണം നൽകി. അവലോകനത്തിൽ പി.വി.സി. ഡോ. എ.സാബു, പരീക്ഷാ കൺട്രോളർ ഡോ. പി.ജെ.വിൻസെന്റ്, വിവിധ പഠനവകുപ്പ് മേധാവികൾ എന്നിവരും സംബന്ധിച്ചു. തുടർന്ന് നാക് സംഘം തലശ്ശേരി കാമ്പസ് സന്ദർശിച്ചു. സിൻഡിക്കേറ്റംഗങ്ങൾ, സർവകലാശാലാ ജീവനക്കാരുടെ പ്രതിനിധികൾ, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികൾ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി.

മേയർ ടി.ഒ.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവരും നാക് സംഘത്തെ കണ്ടു. വൈകുന്നേരം ചെറുശ്ശേരിഹാളിൽ വിദ്യാർഥികളുടെ കലാവതരണങ്ങളുമുണ്ടായിരുന്നു. നാക് സംഘത്തിന്റെ സന്ദർശനം രണ്ടുദിവസം കൂടിയുണ്ടാവും.