കൊട്ടിയൂർ: അടിത്തറ പാകി, ചുമരുകെട്ടിപ്പൊക്കി, മേൽക്കൂര വാർത്തു... അങ്ങനെ സ്വന്തം വീട് ഉയർന്നുപൊങ്ങിയതിനൊപ്പം തേജസ് ജോസഫ് എന്ന 18-കാരന്റെ ആർക്കിടെക്റ്റ് മോഹങ്ങളും ഉയർന്നു പൊങ്ങി. കീം ആർക്കിടെക്ചർ വിഭാഗത്തിൽ ഒന്നാംറാങ്ക് നേടിയതോടെ ആ മോഹത്തിന് ഇനി സാക്ഷാത്കാരമാകും. 335.5 മാർക്കോടെയാണ് തേജസ് ഒന്നാംറാങ്ക് നേടിയത്.

കൊട്ടിയൂർ ഐ.ജെ.എം. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, പ്ലസ്ടു പഠനം പൂർത്തിയാക്കിയ തേജസ് പ്ലസ്ടുവിന് 99.75 ശതമാനം മാർക്കോടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ് ആറുമാസത്തെ ഓൺലൈൻ എൻട്രൻസ് ക്രാഷ് കോഴ്സ് ചെയ്തു. നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിൽ ആദ്യശ്രമത്തിൽ 103-ഉം രണ്ടാംശ്രമത്തിൽ 136-ഉം സ്കോർ നേടി. ഇതിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ സെന്റർ ഓഫ് എൻവിറോൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്നോളജി (സെപ്റ്റ്) സർവകലാശാലയിൽ നാലാം റാങ്കോടെ ബി.ആർക്കിന് പ്രവേശനം ലഭിച്ചു. ഈ ഫലം വന്ന് മൂന്നാംദിവസമാണ് കീം റാങ്കും തേടിയെത്തിയത്.

കോളയാട് സെയ്ന്റ് കൊർണേലിയൂസ് സ്കൂൾ പ്രഥമാധ്യാപകനായ തലക്കാണിയിലെ പൂപ്പാടി ബിനു ജോർജിന്റെയും കാക്കയങ്ങാട് പാല ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക കെ.ജെ.ഷേർളിയുടെയും മകനാണ് തേജസ്. സഹോദരങ്ങൾ: നയൻതാര, നവനീത്. ജില്ലാതലത്തിൽ കൊളാഷ് മത്സരത്തിലടക്കം സമ്മാനം നേടിയിട്ടുള്ള തേജസ് ചിത്രംവരയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

‘എഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു വീടുനിർമാണം തുടങ്ങിയത്. ഈ സമയത്ത് അച്ഛൻ വരുത്തിയ ആർക്കിടെക്ചർ മാസികകൾ വായിച്ചാണ് ആർക്കിടെക്റ്റ് എന്ന മോഹം മനസ്സിലുദിച്ചത്. പഠിക്കാൻ ആഗ്രഹമറിയിച്ചപ്പോൾ കുടുംബത്തിൽനിന്നുള്ള പിന്തുണ കൂടിയായതോടെ റാങ്കും നേടാനായി. ‘സെപ്റ്റി’ൽ ബിരുദപഠനം നടത്താനാണ് ഉദ്ദേശ്യം’ -തേജസ് പറയുന്നു.