കരുനാഗപ്പള്ളി : മാരക മയക്കുമരുന്നുമായി നാലുയുവാക്കളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റുചെയ്തു. തൊടിയൂർ വടക്ക് കുറ്റിയിൽ വീട്ടിൽ സുഫിയാൻ (21), ക്ലാപ്പന വരവിള തലവടികുളങ്ങര പടിഞ്ഞാറ്റതിൽ തൻവീർ (21), കിളികൊല്ലൂർ പ്രിയദർശിനി നഗർ പനയിൽവീട്ടിൽ അഭിലാഷ് (27), തെക്കുംഭാഗം ഞാറമൂട് കർമ്മലിഭവനിൽ ഡോൺ (21) എന്നിവരാണ് അറസ്റ്റിലായത്.

സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ കാമ്പസുകളിലും മറ്റും മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

5.5 ഗ്രാം എം.ഡി.എം.എ., 105 ഗ്രാം ഹാഷിഷ്, ബട്ടൻ എന്നപേരിൽ അറിയപ്പെടുന്ന ലഹരിഗുളികകൾ എന്നിവ അറസ്റ്റിലായ യുവാക്കളിൽനിന്നു പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇവയെല്ലാം പുതിയ തലമുറയിൽപ്പെട്ട മാരക ലഹരിമരുന്നുകളാണ്. മൊത്തക്കച്ചവടക്കാരിൽനിന്നു ഒാൺലൈൻ വഴി പണംനൽകി സ്ത്രീകളെ ഉപയോഗിച്ചാണ് ഇവർ എം.ഡി.എം.എ. ചില്ലറവിൽപ്പനയ്ക്കായി എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി, കൊല്ലം മേഖലകളിലേക്കാണ് ചില്ലറവിൽപ്പനയ്ക്കായി എത്തിച്ചിരുന്നത്.

അല്പം ഉപയോഗിച്ചാൽ 15 മണിക്കൂർവരെ ലഹരിലഭിക്കുന്ന മയക്കുമരുന്നാണിത്. ഒരു ഗ്രാമിന് 10,000 രൂപയാണ് ചില്ലറവിൽപ്പനക്കാരിൽനിന്ന്‌ ഈടാക്കുന്നത്. ഒരു ഗ്രാം എം.ഡി.എം.എ. ഒരേസമയം 25 പേർവരെ ലഹരിക്കായി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി. കരുനാഗപ്പള്ളി, കൊല്ലം പ്രദേശങ്ങളിൽ ചില എൻജിനീയറിങ് വിദ്യാർഥികൾ ഈ മയക്കുമരുന്ന് ഉപയോഗിച്ചുവരുന്നതായി അവരുടെ രക്ഷിതാക്കൾ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു.

കൊല്ലം സിറ്റി ഡി.സി.ആർ. എ.സി.പി. പ്രതീപ് കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടർ, വിനോദ്, ജയശങ്കർ, സിദ്ദീഖ്, ഓമനക്കുട്ടൻ, എ.എസ്.ഐ.മാരായ ഷാജിമോൻ, ശ്രീകുമാർ, നന്ദകുമാർ, സി.പി.ഒ.മാരായ ശ്രീകാന്ത്, രാജീവ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ അറസ്റ്റുചെയ്തത്.