കൊല്ലം : കടൽ സുരക്ഷാപദ്ധതിയുടെ ഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇത്തവണ വി.എച്ച്.എഫ്. മറൈൻ റേഡിയോ നൽകുന്നത് ഒഴിവാക്കി. പകരം ജി.പി.എസ്. നൽകാനാണ് മത്സ്യബന്ധനവകുപ്പിന്റെ തീരുമാനം. മറൈൻ റേഡിയോ നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ജി.പി.എസിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യവും പരിഗണിച്ചാണിതെന്ന് വകുപ്പ് പറയുന്നു. മുൻവർഷം അനുവദിച്ച പദ്ധതിയിലെ മറൈൻ റേഡിയോ ഇനിയും വിതരണംചെയ്യാൻ കഴിയാത്തതിനാലാണ് ഈവർഷത്തെ പദ്ധതിയിൽ ഇത് ഒഴിവാക്കുന്നതെന്നാണ് സൂചന.

ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സാമ്പത്തികവർഷം 6.22 കോടി രൂപ അടങ്കൽത്തുകവരുന്ന ഉപകരണങ്ങൾ വാങ്ങാനുള്ള പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഇതിൽ 4.66 കോടി രൂപ സർക്കാർ വിഹിതവും 87.5 ലക്ഷം രൂപ ഗുണഭോക്തൃവിഹിതവുമാണ്. 3000 യാനങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാനായിരുന്നു തീരുമാനം. യന്ത്രവത്‌കൃതയാനങ്ങൾക്ക് ട്രാക്കിങ് ഉപകരണങ്ങൾ വാങ്ങാൻ 22 ലക്ഷംരൂപ നീക്കിവെച്ചു.

ആയിരം പരമ്പരാഗത യാനങ്ങൾക്ക് ജി.പി.എസ്.ഘടിപ്പിക്കാൻ 3.5 കോടിരൂപയും ആയിരം യാനങ്ങൾക്ക് മറൈൻ റേഡിയോയ്ക്കായി 2.5 കോടിയുമാണ് നീക്കിവെച്ചത്. മറൈൻ റേഡിയോ നൽകുന്നതിനുപകരം 714 യാനങ്ങൾക്കുകൂടി ജി.പി.എസ്.നൽകാനാണ് തീരുമാനം. മൊത്തം ആറുകോടിരൂപ ഇതിനായി വിനിയോഗിക്കും. യാനത്തിന്റെ ദിശ അറിയുന്നതിനായാണ് ജി.പി.എസ്. പ്രയോജനപ്പെടുന്നത്. കപ്പലുകളുമായും മറ്റു യാനങ്ങളുമായും ആശയവിനിമയം നടത്തുന്നതിനാണ് വി.എച്ച്.എഫ്. മറൈൻ റേഡിയോ.