കണ്ണൂർ: കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാക്കളിലൊരാളായ എൻ.സി.ശേഖറിന്റെ പേരിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഡോ. എൻ.വി.പി.ഉണിത്തിരിക്ക്. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. പുരസ്കാരസമിതി ചെയർമാൻ മന്ത്രി എം.വി.ഗോവിന്ദൻ, കവിയും മാധ്യമപ്രവർത്തകനുമായ എൻ.പ്രഭാവർമ, ഡോ. വി.പി.പി.മുസ്തഫ, ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഇടയത്ത് രവി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്. .

ഡോ. ഉണിത്തിരി, കാലിക്കറ്റ് സർവകലാശാല സംസ്കൃതം വകുപ്പ് മേധാവിയും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രിൻസിപ്പൽ ഡീനുമായിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ ചെറുതാഴം കുളപ്പുറത്ത് ടി.സി.ഗോവിന്ദൻ നമ്പൂതിരിയുടെയും എൻ.വി.പാപ്പപ്പിള്ളിയാതിരിയമ്മയുടെയും മകനായി 1945-ലാണ് ഉണിത്തിരി ജനിച്ചത്. ഭാര്യ: യു.കെ.ആനന്ദവല്ലി. മക്കൾ: ഡോ. ആനന്ദവർധൻ, പദ്‌മജ. എൻ.സി.ശേഖറിന്റെ 36-ാമത് ചരമവാർഷികദിനമായ ഡിസംബർ മൂന്നിനു പുരസ്കാരം സമ്മാനിക്കും.