തൃശ്ശൂർ: കോവിഡ്‌കാലത്തെ കുറഞ്ഞ ഹാജരിൽത്തട്ടി തൊഴിലാളികൾക്ക് ചികിത്സാനുകൂല്യം കിട്ടാതെ വരുന്ന സ്ഥിതി ഒഴിവാക്കാനുള്ള ഇ.എസ്.ഐ.യുടെ പ്രഖ്യാപനം നടപ്പായില്ല. ചുരുങ്ങിയത് 78 ഹാജരെന്നത് കോവിഡ് പശ്ചാത്തലത്തിൽ മുപ്പത്തൊമ്പതാക്കി ചുരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇ.എസ്.ഐ. കോർപറേഷൻ ബോർഡ് യോഗത്തിന്റെ മിനിറ്റ്‌സിൽ മാത്രമായി ഇതൊതുങ്ങി. ഏറെയാളുകൾക്ക് ചികിത്സാനുകൂല്യം കിട്ടാത്ത സ്ഥിതിയുമായി.

ആനുകൂല്യം കിട്ടണമെങ്കിൽ കോർപറേഷൻ ആസ്ഥാനത്തുനിന്ന്‌ ഉത്തരവായി സംസ്ഥാനങ്ങളിലെ ഓഫീസുകളിലേക്കെത്തണം. ബോർഡ് യോഗം നടന്നിട്ട് മൂന്നുമാസമായിട്ടും അതിതുവരെ ഉണ്ടായില്ല. പ്രഖ്യാപനപ്രകാരമുള്ള ആനുകൂല്യം കിട്ടാൻ ഇനി രണ്ടുമാസം മാത്രമാണുള്ളത്.

2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിലെ ഹാജർവ്യവസ്ഥയിലാണ് ഇളവ് വരുത്താനുദ്ദേശിച്ചിരുന്നത്. ലോക്ഡൗൺമൂലം ഭൂരിപക്ഷം തൊഴിൽസ്ഥാപനങ്ങളിലും 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെയുള്ള സമയത്ത് 78 ഹാജർ നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 39 ഹാജർ മിക്കവർക്കും കിട്ടിയിട്ടുമുണ്ട്. കോർപറേഷന്റെ പ്രഖ്യാപനം വന്നപ്പോൾ മുതൽ ഇ.എസ്.ഐ. ഓഫീസുകളിലേക്ക് തൊഴിലാളികളുടെ അന്വേഷണം തുടങ്ങി. എന്നാൽ, ഉത്തരവ് ഇല്ലാത്തതിനാൽ 78-ൽ താഴെ ഹാജരുള്ളവരുടെ അപേക്ഷകളെല്ലാം നിരസിക്കേണ്ടിവന്നു.

പ്രഖ്യാപിച്ചിരിക്കുന്ന കാലയളവിലെ ആനുകൂല്യം കിട്ടുന്നത് 2021 ജൂലായ് മുതൽ 2021 ഡിസംബർ 31 വരെയാണ്. ഏപ്രിൽ -സെപ്റ്റംബർ, ഒക്ടോബർ-മാർച്ച് എന്നിങ്ങനെയാണ് ഇ.എസ്.ഐ.യിലെ അംശദായം അടയ്ക്കുന്ന കാലയളവുകൾ. ഓരോ കാലയളവിലും 150 ദിവസം വീതമാണ് മൊത്തം ഹാജരുള്ളത്. അസുഖംമൂലം ജോലിക്ക് വരാൻ പറ്റാത്ത സ്ഥിതി വന്നാലും ചുരുങ്ങിയത് 78 ഹാജർ ഉണ്ടെങ്കിലേ ചികിത്സാനുകൂല്യത്തിന് അർഹത കിട്ടൂ.

രോഗംമൂലം അവധിയെടുത്താൽ ആ ദിവസത്തെ ശമ്പളത്തിന്റെ 70 ശതമാനമാണ് ഒരു ആനുകൂല്യം. സൂപ്പർ സ്പെഷ്യാലിറ്റി അടക്കമുള്ള ചികിത്സകൾ കുടുംബത്തിനടക്കം സൗജന്യവുമാണ്.

കോർപറേഷന്റെ ശ്രദ്ധയിൽപ്പെടുത്തും

പ്രഖ്യാപിച്ച ആനുകൂല്യം തൊഴിലാളിക്ക് കിട്ടാതെ വരുന്ന സ്ഥിതി ഒഴിവാക്കാൻ ഇടപെടും. ഉത്തരവ് ഉടൻ പുറത്തിറക്കാനുള്ള നടപടിയുണ്ടാകും.

-വി. രാധാകൃഷ്ണൻ, ഇ.എസ്.ഐ. കോർപറേഷൻ സ്റ്റാൻഡിങ് ബോർഡ് അംഗം