തൃശ്ശൂർ: മുല്ലപ്പെരിയാർ ബേബി ഡാം പരിസരത്ത് നടന്ന മരംമുറിയുടെ കാര്യത്തിൽ വനംമന്ത്രിയും മുഖ്യമന്ത്രിയും ആളുകളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. മരംമുറി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാകില്ല. കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാർ ചേർന്നുള്ള ഒത്തുകളിയാണിത്. ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാറിൽ 152 മീറ്റർ വരെ ജലനിരപ്പ് ഉയർത്താമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഇതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്.

ബേബി ഡാമിന്റെ ബലവും മുല്ലപ്പെരിയാറിന്റെ സംഭരണശേഷിയും തമ്മിൽ ബന്ധമില്ലെന്ന നിലപാടാണ് ഇതുവരെ കേരളം സ്വീകരിച്ചിരുന്നത്. മരംമുറിസംഭവം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥർ മുല്ലപ്പെരിയാർ വിഷയത്തിൽ ബോധപൂർവം തോറ്റുകൊടുക്കുന്നതാണ് കാലങ്ങളായി കാണുന്നത്. കോടതിക്കു മുന്നിലും സർക്കാരിനു മുന്നിലും ഇങ്ങനെ തോറ്റുകൊടുക്കുന്നു. രാഷ്ട്രീയനേതൃത്വത്തിന്റെ അറിവോടെയേ ഇത്‌ സാധിക്കൂവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.