ഏഴിമല: ഏഴിമല നാവിക അക്കാദമിയിൽ നടന്ന കോർട്ട് മാർഷൽ നടപടികളിൽ പ്രതിയായി കുറ്റം ചുമത്തപ്പെട്ട ക്യാപ്റ്റൻ ചന്ദ്രപ്രകാശ് കെ.റെഡ്ഡിയെ വെറുതെ വിട്ടു. വാഹനാപകടത്തിൽ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് ക്യാപ്റ്റനെതിരേ കോർട്ട് മാർഷൽ നടന്നത്.

ഏപ്രിൽ 26-നാണ് നാവിക അക്കാദമിയിൽ കോർട്ട് മാർഷലിന് തുടക്കമായത്. പ്രതിരോധസേനാംഗങ്ങൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ നീതി നടപ്പാക്കാനുള്ള പ്രത്യേക കുറ്റവിചാരണാ രീതിയാണ് കോർട്ട് മാർഷൽ. പ്രതിക്കെതിരേയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടാണ് ക്യാപ്റ്റനെ വെറുതെ വിട്ടത്.

2020 ജനുവരി 12-ന് രാത്രി 7.45-ന് പയ്യന്നൂർ പുഞ്ചക്കാട്ടാണ് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കുന്നരു സ്വദേശിയും പുഞ്ചക്കാട് വാടക ക്വാർട്ടേഴ്സിലെ താമസക്കാരനുമായ ഭഗവതിപറമ്പിൽ ഭുവനചന്ദ്രനാണ് (54) അപകടത്തിൽ മരിച്ചത്. പുഞ്ചക്കാട് സെയ്ന്റ് ജോസഫ് ദേവാലയത്തിനടുത്തായിരുന്നു അപകടം. ഭുവനചന്ദ്രൻ ഓടിച്ച സ്കൂട്ടറിൽ പയ്യന്നൂർ ഭാഗത്തുനിന്ന് നാവിക അക്കാദമിയിലേക്ക് പോകുകയായിരുന്ന ചന്ദ്രപ്രകാശ് റെഡ്ഡി ഓടിച്ച കാറിടിച്ച് അപകടമുണ്ടായെന്നാണ് പോലീസ് കേസ്.

പയ്യന്നൂർ എസ്.ഐ. ഉൾപ്പെടെ ഏഴുപേരെ കോർട്ട് മാർഷലിന്റെ ഭാഗമായി വിസ്തരിച്ചു. തുടർന്നാണ് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കാണിച്ച് ക്യാപ്റ്റനെ വെറുതെ വിട്ടത്. പ്രതിക്കായി അഭിഭാഷകരായ എം.വി.അമരേശൻ, എം.വി.വിനോദ് എന്നിവർ ഹാജരായി.