കൊച്ചി: കേരള സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിനായി 2017-ൽ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. വിവിധ വകുപ്പുകളെ ഒറ്റയൂണിറ്റായി കണക്കാക്കി സംവരണതത്ത്വം നടപ്പാക്കിയത് നൂറുശതമാനം സംവരണത്തിന് കാരണമാകുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. ഇതോടെ നിലവിൽ നിയമനം ലഭിച്ച 58 പേർക്ക് ജോലിനഷ്ടപ്പെടുന്ന സാഹചര്യമാണ്.

ഈ വിജ്ഞാപനപ്രകാരം നടത്തിയ നിയമനങ്ങൾ ഹർജികളിലെ തീർപ്പിനു വിധേയമാണെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ സർവകലാശാല നിയമപരമായ തുടർനടപടിയെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

കലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി. വിജയലക്ഷ്മി, സൊസൈറ്റി ഫോർ സോഷ്യൽ സർവയലൻസ് എന്നിവരായിരുന്നു വിജ്ഞാപനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. വിവിധ വകുപ്പുകളിലായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നീ തസ്തികകളിലുണ്ടായിരുന്ന 105 ഒഴിവുകൾ ഒരുമിച്ചു പരിഗണിച്ച് സംവരണതത്ത്വം ബാധകമാക്കി നിയമനം നടത്താൻ 2017 നവംബർ 27-നാണ് കേരള സർവകലാശാല വിജ്ഞാപനമിറക്കിയത്. വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവയെ ഒറ്റയൂണിറ്റായി കണക്കാക്കുമ്പോൾ പലവകുപ്പുകളിലെയും ഒഴിവുകളിലെ സംവരണം 100 ശതമാനമാകുമെന്നും മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥികളെ ദോഷകരമായി ബാധിക്കുമെന്നുമായിരുന്നു ഹർജിക്കാർ വാദിച്ചത്.

അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഷയത്തിലെ ഏക പ്രൊഫസർ തസ്തിക ഈഴവ, തിയ്യ വിഭാഗങ്ങൾക്കും സുവോളജിയിലെ ഏക പ്രൊഫസർ തസ്തിക മുസ്‌ലിങ്ങൾക്കായും സംവരണം ചെയ്തിരുന്നത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് 100 ശതമാനം സംവരണത്തിന് വഴിയൊരുക്കുമെന്നും സംവരണവിഷയത്തിൽ സുപ്രീംകോടതി വിധിക്കു വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.

ഉത്തരവിനെതിരേ സർവകലാശാല ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയേക്കും. ഹർജിക്കാർക്കുവേണ്ടി അഡ്വ. ജോർജ് പൂന്തോട്ടമാണ് ഹാജരായത്. ഇതേരീതിയിൽ കലിക്കറ്റ്, കണ്ണൂർ, കാലടി സർവകലാശാലകളിൽ നടത്തിയ നിയമനങ്ങൾക്കെതിരായ ഹർജികളും ഹൈക്കോടതിയിലുണ്ട്.