തൃശ്ശൂർ: കൊടകരയിൽ വാഹനം തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആസൂത്രകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് സക്കീന മൻസിലിൽ (കുനൂൽ വീട്) അബ്ദുൾറഹീമിനെയാണ് അന്വേഷണസംഘം വീട്ടിലെത്തി പിടികൂടിയത്. കുഴൽപ്പണത്തട്ടിപ്പ് ആസൂത്രണം ചെയ്ത പ്രതി ആദ്യവസാനം ഇതിനൊപ്പമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

പണവുമായി കാർ പോകുന്നുണ്ടെന്നറിഞ്ഞ അബ്ദുൾറഹീം പണം തട്ടുന്നതിന് ഗുണ്ടാസംഘങ്ങളെ കാണാൻ തൃശ്ശൂരിലെത്തിയിരുന്നു. ഇവിടെനിന്നാണ് വെള്ളാങ്ങല്ലൂരിലെയും കോടാലിയിലെയും ഗുണ്ടാസംഘങ്ങളെ ബന്ധപ്പെട്ടത്. ഇവരുമായി തൃശ്ശൂരിൽവെച്ച് ചർച്ച നടത്തി കരാറുറപ്പിച്ചു. പണം കൊണ്ടുപോയ വാഹനങ്ങളെ പിന്തുടരാനുള്ള കാറുകളും ഒരുക്കിക്കൊടുത്തത് അബ്ദുൾറഹീമാണ്.

കൊടകരയിൽ പണംതട്ടൽ വിജയകരമായതോടെ അബ്ദുൾറഹീം നാട്ടിലേക്ക് മടങ്ങി. ഗുണ്ടാസംഘം പണവുമായി അബ്ദുൾറഹീമിന്റെ വീട്ടിലെത്തിയാണ് പണം പങ്കിട്ടത്. ഇതോടെ കേസിൽ 19 പ്രതികളും പിടിയിലായി.

മേയ് മൂന്നിനാണ് കൊടകരയിൽ കുഴൽപ്പണം തട്ടിപ്പ് നടന്നത്. കാറും 25 ലക്ഷവും നഷ്ടപ്പെട്ടെന്നായിരുന്നു ഡ്രൈവർ വഴി വ്യവസായിയും ആർ.എസ്.എസ്. പ്രവർത്തകനുമായ ധർമരാജൻ പോലീസിൽ പരാതിപ്പെട്ടത്. എന്നാൽ, ഇതിനകംതന്നെ പ്രതികളിൽനിന്ന് 47.5 ലക്ഷം േപാലീസ് കണ്ടെടുത്തിട്ടുണ്ട്.