തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെത്തുന്ന വാക്‌സിനും മരുന്നും പ്രതിഫലമില്ലാതെ വാഹനങ്ങളിൽ നിന്നിറക്കാൻ സി.ഐ.ടി.യു. തീരുമാനിച്ചിട്ടുണ്ടെന്ന് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടേറിയറ്റ്. എന്നാൽ, വാക്‌സിൻ ഇറക്കാൻ കൂലി ചോദിച്ചെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം തൊഴിലാളികളെ അപകീർത്തിപ്പെടുത്തുന്നതാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യകാലത്തും കയറ്റിറക്കിന് സി.ഐ.ടി.യു. തൊഴിലാളികൾ പ്രതിഫലം വാങ്ങിയിട്ടില്ല. വാക്‌സിൻ ചലഞ്ചിലേയ്ക്ക് സംഭാവന നൽകാനും തൊഴിലാളികളോട് ആഹ്വാനംചെയ്തതായി സി.ഐ.ടി.യു. അറിയിച്ചു.