നിയമസഭയിലേക്ക് ഇടുക്കിയിൽനിന്ന് ഇതുവരെ നടന്നുകയറിയത് മൂന്ന് വനിതകൾ മാത്രമാണ്. ദേവികുളം മണ്ഡലത്തിൽനിന്ന് റോസമ്മ പുന്നൂസ്, ഇടുക്കി മണ്ഡലത്തിൽനിന്ന് റോസമ്മ ചാക്കോ, പീരുമേട്ടിൽനിന്ന് ഇ.എസ്.ബിജിമോൾ എന്നിവരാണ് സഭയിലെത്തിയ വനിതകൾ.

മറ്റൊരു തിരഞ്ഞെടുപ്പുകൂടി എത്തുമ്പോൾ ഇടുക്കിയിലെ മണ്ഡലങ്ങളില്‍നിന്ന് പ്രമുഖ മുന്നണികളാരുംതന്നെ വനിതകളെ സ്ഥാനാർഥികളായി പരിഗണിക്കുന്നില്ല.

ആദ്യ നിയമസഭയില്‍ ആദ്യംതന്നെ സത്യപ്രതിജ്ഞ ചൊല്ലിയ എം.എല്‍.എ. എന്ന ഖ്യാതി ദേവികുളത്തെ ജനപ്രതിനിധിയായിരുന്ന റോസമ്മ പുന്നൂസിന് സ്വന്തമാണ്. 1957-ൽ കോൺഗ്രസിലെ ഗണപതിയെയും 1958-ൽ രണ്ടാം വട്ടം ബി.കെ.നായരെയും തോൽപ്പിച്ചാണ് അവർ വിജയക്കൊടി പാറിച്ചത്. പിന്നീടൊരിക്കലും ദേവികുളത്തുനിന്ന് വനിതാ എം.എല്‍.എ. മാർ ഉണ്ടായില്ലെന്നതും ചരിത്രം. ആദ്യ പ്രോട്ടെം സ്പീക്കറും ആദ്യമായി കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പുറത്തുപോകേണ്ടി വന്ന എം.എല്‍.എ. തുടങ്ങിയ ഖ്യാതിയും റോസമ്മ പുന്നൂസിനുണ്ട്.

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വനിതാ മുഖമായിരുന്ന റോസമ്മ ചാക്കോയും ഇടുക്കിയില്‍ വിജയക്കൊടി പാറിച്ചിട്ടുണ്ട്. 1982-ലെ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍നിന്നായിരുന്നു അവരുടെ വിജയം. പിന്നീട് 91-ലും 96-ലും യഥാക്രമം ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളില്‍ വിജയിച്ചുകയറി. മൂന്നുതവണ നിയമസഭയിലെത്തിയ ചുരുക്കം ചില വനിതാ എം.എല്‍.എ.മാരില്‍ ഒരാള്‍കൂടിയാണവര്‍.

സമരപോരാട്ടങ്ങളുടെ കഥപറയുന്ന പീരുമേട്‌നിന്ന് മൂന്നുവട്ടം തുടർച്ചയായി നിയമസഭയിലെത്തിയ വനിതയാണ് സി.പി.ഐ.യിലെ ഇ.എസ്.ബിജിമോൾ. 2006-ൽ സിറ്റിങ് എം.എൽ.എ. ഇ.എം.അഗസ്തിയെ തോൽപ്പിച്ചുകൊണ്ട്‌ തുടങ്ങിയതാണ് ആ പോരാട്ടം. 2011-ൽ വീണ്ടും അദ്ദേഹത്തെതന്നെ പരാജയപ്പെടുത്തി. ശക്തമായ പോരാട്ടം നടന്ന 2016-ൽ സിറിയക് തോമസിനെ പിന്നിലാക്കിയാണ് ബിജിമോൾ നിയമസഭയിലെത്തിയത്. എന്നാൽ, മൂന്നുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന പാർട്ടി തീരുമാനത്തെ തുടർന്ന് ഇക്കുറി മത്സരത്തിനുണ്ടാകില്ല.