തിരുവനന്തപുരം: ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും ബന്ധമുണ്ടെന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ സത്യവാങ്മൂലത്തിനെതിരേ സർക്കാർ. കമ്മിഷണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനുള്ള നിയമവശങ്ങൾ സർക്കാർ പരിശോധിക്കുന്നു. നിയമോപദേശം ലഭിച്ചാൽ തുടർനടപടികളിലേക്കു നീങ്ങും.

തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് കസ്റ്റംസിന്റെ നടപടികളെന്ന് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരിൽനിന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കസ്റ്റംസിനെതിരേ ഇടതുപക്ഷം രംഗത്തുവന്നതിനു പിന്നാലെ കമ്മിഷണർ സുമിത് കുമാർ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തുവരികയും ചെയ്തിരുന്നു.

കേസിലെ എതിർകക്ഷിയല്ലാത്ത ഒരാൾ ഇത്തരത്തിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത് അസാധാരണമാണെന്നാണ് സർക്കാർ തലത്തിൽ വിലയിരുത്തുന്നത്. പ്രതി കോടതിയിൽ നൽകിയ രഹസ്യമൊഴി അന്വേഷണ ഏജൻസി തന്നെ വെളിപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന വിലയിരുത്തലുമുണ്ട്.

കസ്റ്റംസിന് രഹസ്യമൊഴി ലഭിച്ച് മാസങ്ങൾക്കു ശേഷം, സ്വപ്നയ്ക്ക് സുരക്ഷ നൽകുന്നതു സംബന്ധിച്ച് ജയിൽ മേധാവി സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് കമ്മിഷണർ രഹസ്യമൊഴിയിലെ വിവരങ്ങൾകൂടി ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകിയത്.