തിരുവനന്തപുരം: ഒന്നരവർഷം പിന്നിടുമ്പോഴും ഒരു അവലോകനംപോലും നടക്കാത്ത വിചിത്രതയാണ് സംസ്ഥാനത്തിന്റെ ഓൺലൈൻ വിദ്യാഭ്യാസമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ(കെ.എസ്.ടി.യു.) വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളിൽ പരിഹാരം തേടി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുൻപിൽ നടത്തിയ നിൽപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിനു പ്രയാസപ്പെടുന്ന രക്ഷിതാവിനെയാണ് മക്കൾക്ക് സ്മാർട്ട്ഫോൺ വാങ്ങി നൽകാൻ നിർബന്ധിക്കുന്നത്. ലക്ഷക്കണക്കിനു വിദ്യാർഥികൾക്ക് അപ്രാപ്യമായ ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമാക്കാൻ സർക്കാർ ഫണ്ട് അനുവദിച്ച് സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകർക്ക് നിയമന അംഗീകാരം നൽകുക, ശമ്പളം നൽകുക, വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രസിഡന്റ് കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. ടി.വി.ഇബ്രാഹിം എം.എൽ.എ., ജന. സെക്രട്ടറി എം.അഹമ്മദ്, ട്രഷറർ ബഷീർ ചെറിയാണ്ടി, പോത്തങ്ങോട് റാഫി, പി.കെ.അസീസ്, കെ.എം.അബ്ദുള്ള, എ.സി.അതാഉല്ല, യൂസഫ് ചേലപ്പള്ളി, പി.കെ.എം.ഷഹീദ്, കല്ലൂർ മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.