കുറ്റിപ്പുറം: കടബാധ്യതയുള്ളവരെ സഹായിക്കുമെന്ന വാഗ്ദാനം നൽകി ആളുകളിൽനിന്ന്‌ പണം തട്ടിയയാളെ പോലീസ് അറസ്റ്റുചെയ്തു. ‘സെറീൻ ചാരിറ്റബിൾ സൊസൈറ്റി’യുടെ പേരിൽ പ്രവർത്തിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയും നിലമ്പൂർ മുക്കുട്ടയിലെ താമസക്കാരനുമായ മുഹമ്മദ് റിയാസി(49)നെയാണ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. മഞ്ചേരി പന്തല്ലൂർ സ്വദേശി അബ്ദുൽനാസറിന്റെ പരാതിയിലാണ് നടപടി. മുഹമ്മദ് റിയാസ് 1,62,000 രൂപ കൈക്കലാക്കി വഞ്ചിച്ചു എന്നാണ് പരാതി.

കടബാധ്യതകളുള്ളവരെ സഹായിക്കുമെന്നു വിശ്വസിപ്പിച്ച് 1000 രൂപ ഫീ ഈടാക്കി സൊസൈറ്റിയിൽ അംഗത്വം നൽകും. ഇവരെ പിന്നീടു സൊസൈറ്റിയുടെ പ്രചാരകരാക്കും. സാമ്പത്തികശേഷിയുള്ളവരെ പരിചയപ്പെടുത്തിക്കൊടുക്കുകയും പണം വാങ്ങിക്കൊടുക്കുകയുമാണു ഇവരുടെ ചുമതല. ജീവകാരുണ്യ പ്രവർത്തനത്തിന്‌ രേഖയില്ലാതെ ഇയാൾ പിരിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ആഴ്ചയിൽ 10,000 രൂപയെങ്കിലും പിരിക്കാത്തവരെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ചങ്ങനാശ്ശേരിയിൽ തുടങ്ങിയ സൊസൈറ്റി പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി പുതിയ ഓഫീസ് തുടങ്ങി. തുടർന്ന് നിലമ്പൂർ, മണ്ണാർക്കാട്, ആലപ്പുഴ തുടങ്ങിയിടങ്ങളിലും ഓഫീസുകൾ ആരംഭിച്ചു. സൊസൈറ്റിയിൽചേർന്ന് പിരിവിനിറങ്ങിയ സ്ത്രീകളുൾപ്പെടെയുള്ളവർ ചികിത്സാച്ചെലവിന്‌ ചെറിയ തുകപോലും കിട്ടാതെയായപ്പോൾ സംശയം തോന്നി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഭീഷണിക്കു വഴങ്ങാത്തവരേയും കടംവീട്ടാൻ പണം ആവശ്യപ്പെട്ടവരേയും സൊസൈറ്റിയിൽനിന്ന്‌ പുറത്താക്കി. ഇയാൾക്കെതിരേ ഒട്ടേറേ പുതിയ പരാതികൾ കുറ്റിപ്പുറം പോലീസിലുണ്ട്.