കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. നയതന്ത്ര ബാഗേജ് മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാൻ ഇ.ഡി. നിർബന്ധിക്കുന്നുവെന്ന് പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനെതിരേയുള്ള ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറുടെ ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആറും കേസിലെ തുടർനടപടികളും റദ്ദാക്കി ഏപ്രിൽ 16-ന് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് കൈവശമുള്ള രേഖകൾ കോടതിക്ക് മുദ്രവെച്ച കവറിൽ കൈമാറാനും നിർദേശിച്ചു. ഈ ഉത്തരവിനെതിരേയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. ജുഡീഷ്യൽ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നടപടിക്കിടയിലെ ആരോപണമാണ് കേസിനിടയാക്കിയതെന്ന സിംഗിൾബെഞ്ച് നിഗമനം തെറ്റാണെന്ന് ഹർജിയിൽ പറയുന്നു. തെറ്റായി മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ കേസ് അവർ നടത്തുന്ന അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകുന്നതിന് തടസ്സമല്ല.

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചതിനെതിരേ ഇ.ഡി. നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.