തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സാക് പിയർ ടീം അസസ്‌മെൻറ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫറൂഖ് ട്രെയിനിങ്‌ കോളേജിന് എ പ്ലസ് ഗ്രേഡ് (സി.ജി.പി.എ. 3.39) നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നാക് മുൻ ഡയറക്ടർ പ്രൊഫ. അന്നഗൗഡ ചെയർമാനും ചരിത്രഗവേഷണ കൗൺസിൽ ചെയർമാൻ പ്രൊഫ. മൈക്കിൾ തരകൻ, എസ്.സി.ഇ.ആർ.ടി. മുൻ ഡയറക്ടർ പ്രൊഫ. എം.എ.ഖാദർ എന്നിവർ അംഗങ്ങളായ പരിശോധന സമിതിയുടെ ശുപാർശ പ്രകാരമാണ് ഗ്രേഡ് അനുവദിച്ചത്.

നവംബർ 29, 30 തീയതികളിലായിരുന്നു കോളേജ് സന്ദർശനം. കൗൺസിൽ എക്സിക്യുട്ടീവ് ബോഡി യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ചീഫ് സെക്രട്ടറി ഡോ. വി.വേണു, മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ പ്രൊഫ. ഫാത്തിമത്ത് സുഹറ, ഡോ. ജെ.രാജൻ, ഡോ. ആർ.കെ.സുരേഷ്‌കുമാർ, ഡോ. കെ.കെ.ദാമോദരൻ എന്നിവർ പങ്കെടുത്തു.