കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണവുമായി കരിപ്പൂരിലിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കാർ വിമാനത്താവളത്തിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞെങ്കിലും നമ്പർ വ്യക്തമാകാത്തത് പോലീസിന് തിരിച്ചടിയായി. ടെർമിനലിലും പരിസരങ്ങളിലുമായുള്ള ഇരുപതോളം ക്യാമറകൾ പോലീസ് പരിശോധിച്ചെങ്കിലും ഒന്നിൽപ്പോലും വാഹനത്തിന്റെ നമ്പർ വ്യക്തമല്ല.

ദുബായിൽനിന്ന് ഞായറാഴ്ച പുലർച്ചെ കരിപ്പൂരിലെത്തിയ താമരശ്ശേരി സ്വദേശിയെയാണ് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. കള്ളക്കടത്ത് സംഘത്തിനുവേണ്ടി സ്വർണവുമായെത്തിയ തന്നെ വാഹനത്തിൽ കയറ്റി ടെർമിനലിനുമുന്നിൽ രണ്ടുതവണ ചുറ്റിക്കറങ്ങിയെന്നും ഇതിനിടെ സ്വർണം സംഘത്തിന് കൈമാറിയെന്നും യുവാവ് പോലീസിനോട് പറഞ്ഞിരുന്നു. മർദിക്കുകയും പ്രതിഫലത്തുക നൽകാതെ വീടിനുസമീപം ഇറക്കിവിടുകയും ചെയ്‌തെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.

തുടർന്നാണ് പോലീസ് വിമാനത്താവളത്തിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോയ കാർ രണ്ടു തവണ ടെർമിനലിനുമുന്നിൽ ചുറ്റിക്കറങ്ങുന്നത് സി.സി.ടി.വി. ക്യാമറകളിൽ വ്യക്തമാണ്. നമ്പർ തിരിച്ചറിയാത്തതിനാൽ കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണം മുടങ്ങി. യുവാവിൽനിന്ന് സ്വർണം സ്വീകരിക്കാൻ മറ്റൊരു സംഘമെത്തിയ കാറും തിരിച്ചറിഞ്ഞെങ്കിലും അതിന്റെയും നമ്പർ വ്യക്തമല്ല.

സി.സി.ടി.വി. ക്യാമറകളുടെ നിലവാരക്കുറവും അസ്ഥാനത്ത് സ്ഥാപിച്ചതും രാത്രിക്കാഴ്ചയിലെ വ്യക്തതക്കുറവുമെല്ലാമാണ് പോലീസിന് തിരിച്ചടിയായത്. വിമാനത്താവള റോഡിലെയടക്കം മുപ്പതോളം സി.സി.ടി.വി. ക്യാമറകൾ പോലീസ് പരിശോധിച്ചെങ്കിലും ഇരു വാഹനങ്ങളുടെയും നമ്പർ തിരിച്ചറിയാൻ പറ്റിയിട്ടില്ല. യുവാവുമൊത്ത് മോങ്ങം-അരീക്കോട് വഴിയാണ് സംഘം സഞ്ചരിച്ചത്. ഈ ഭാഗങ്ങളിലുള്ള ക്യാമറകൾ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

50,000 രൂപയും ടിക്കറ്റും പ്രതിഫലം വാഗ്ദാനംചെയ്താണ് കള്ളക്കടത്ത് സംഘം യുവാവിനെ സ്വർണക്കടത്തിനിറക്കിയത്. ഇതിനിടെ മറ്റൊരുസംഘം ഒരുലക്ഷം രൂപ പ്രതിഫലം വാഗ്ദാനംചെയ്തു. യുവാവ് ഞായറാഴ്ച പുലർച്ചെ കരിപ്പൂരിലെത്തിയപ്പോൾ ആദ്യസംഘം യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.