കാളികാവ്: പശ്ചിമഘട്ടമേഖല കമ്മിറ്റി ശക്തിപ്പെടുത്താൻ മാവോവാദികളുടെ നീക്കം. സായുധ പരിശീലനകേന്ദ്രമായ ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യയിൽനിന്ന് പരിചയസമ്പന്നരെ കൊണ്ടുവരാനാണ് പദ്ധതി. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ് പശ്ചിമഘട്ട മേഖലാകമ്മിറ്റി.

പശ്ചിമഘട്ടത്തിൽ മാവോവാദി പ്രസ്ഥാനം മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിൽ നിരന്തരമായുണ്ടായ തിരിച്ചടികളാണു കാരണം. 2011-ലും പശ്ചിമഘട്ടമേഖലയിൽ ദണ്ഡകാരണ്യയിൽനിന്ന് കൂടുതൽപ്പേരെ എത്തിക്കാൻ തീരുമാനിച്ചിരുന്നു. ഇതു നടപ്പായില്ല. മറ്റു ഗറില്ലാ മേഖലകളിൽനിന്ന് ദീപക്കിനെയും ഭാര്യ ഷർമിളയെയും എത്തിച്ചു. ദീപക്കിന് ഗറില്ലാ യുദ്ധവും സ്ഫോടകവസ്തു പരിശീലനച്ചുമതലയും നൽകി. 2018-ൽ ഷർമിള മാതൃദളത്തിലേക്കു മടങ്ങി. 2019-ൽ ദീപക് അറസ്റ്റിലായി. ഇതോടെ പശ്ചിമഘട്ടമേഖല കമ്മിറ്റിയുടെ സായുധസേനയ്ക്ക് തലവനില്ലാത്ത അവസ്ഥയായി

കേരളത്തിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും അറസ്റ്റുകൾക്കുംശേഷം പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പി.എൽ.ജി.എ.) അംഗബലവും കുറഞ്ഞു. 2015-ൽ 40 പി.എൽ.ജി.എ. അംഗങ്ങളുണ്ടായിരുന്നു. ഇപ്പോൾ 14പേർ മാത്രവും. 2019 ഒക്ടോബറിൽ പാലക്കാട് മഞ്ഞക്കണ്ടി ഏറ്റുമുട്ടലിനുശേഷം ഭവാനി ദളം പൂർണമായും ഇല്ലാതെയായി. പ്രമുഖർ അറസ്റ്റു ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും കൂടുതൽ ക്ഷീണമുണ്ടാക്കി.

പോലീസ് നടപടി ശക്തമാക്കിയതോടെ വടക്കൻ തെലങ്കാന മേഖലയിൽനിന്ന് സി.പി.ഐ-എം.എൽ (പീപ്പിൾസ് വാർ) അംഗങ്ങളെ പിൻവലിച്ചു. ഇവരെ പുനർവിന്യസിപ്പിച്ചാണ് ദണ്ഡകാരണ്യമേഖലയിൽ പ്രസ്ഥാനം ശക്തിപ്പെടുത്തിയത്.