ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് വേഗം ഉയരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലിന് ജലനിരപ്പ് 2355.90 അടിയിലെത്തി. 32 മണിക്കൂറിനുള്ളിൽ അണക്കെട്ടിൽ എട്ട് അടി വെള്ളം വർധിച്ചു. വെള്ളം പുറത്തേക്ക്‌ ഒഴുക്കിവിടണമെങ്കിൽ ഇനി 18 അടി കൂടി ജലനിരപ്പ് ഉയരണം. നിലവിലെ അവസ്ഥ തുടർന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ജലനിരപ്പ് ഷട്ടറിന് ഒപ്പം എത്തും. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

എന്നാൽ, പ്രളയസാധ്യത വിലയിരുത്തി, ഓഗസ്റ്റിൽ ജലനിരപ്പ് 2382-ൽ എത്തിയാൽ ഷട്ടർ തുറക്കാനാണ് വൈദ്യുതി ബോർഡിന് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്.

കഴിഞ്ഞവർഷം ഇതേ ദിവസത്തേക്കാൾ 37 അടി വെള്ളം നിലവിൽ കൂടുതലുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച 22.6 സെന്റിമീറ്റർ മഴപെയ്തു. ഈ വർഷം ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് ആറ് വരെ 1401.6 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ലഭിച്ചതിനേക്കാൾ 550 മില്ലിമീറ്റർ മഴ ഈ വർഷം അധികം ലഭിച്ചു.