കോവളം: സിങ്കപ്പൂരിൽനിന്നു നാട്ടിലേക്കു മടങ്ങിവന്നയാൾ എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തിരുവല്ലം കരുമം മധുപാലത്തിനടുത്ത് നിഷാനിവാസിൽ ആർ.വിജയകുമാറിന്റെയും എ.സുശീലയുടെയും മകനായ വി.എസ്.സുരേഷാ(34)ണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ആറോടെ കാറിൽ വീട്ടിലേക്കു വരുമ്പോൾ എറണാകുളം വൈറ്റില ജങ്‌ഷനിൽവച്ച് ട്രെയിലർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. തുടർന്ന് പോലീസെത്തി കാർ വെട്ടിപ്പൊളിച്ചാണ് സുരേഷിനെ പുറത്തെടുത്തത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലാം തീയതി രാത്രി ഒൻപതോടെയാണ് സുരേഷ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. മലപ്പുറത്ത് സർക്കാർ ഉദ്യോഗസ്ഥനായ സഹോദരീഭർത്താവ് നിമു, വിമാനത്താവളത്തിലെത്തി സുരേഷിനെ മലപ്പുറത്തേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെയെത്തിയ ശേഷം വീട്ടിൽ തങ്ങാൻ നിർബന്ധിച്ചെങ്കിലും സുരേഷ് കാറുമായി വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്നായിരുന്നു അപകടം.

ആശുപത്രിയിൽ മരണശേഷം നടത്തിയ സ്രവപരിശോധനയിൽ സുരേഷിന്‌ കോവിഡ് പോസീറ്റാവാണെന്ന്‌ അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. നിഷയാണ് സഹോദരി. സിങ്കപ്പൂരിൽനിന്നു നാട്ടിലെത്തിയ ശേഷം അഞ്ചു മാസം മുമ്പാണ് തിരികെപ്പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. സിങ്കപ്പൂരിലെ എക്സ്റേ കമ്പനിയിലെ കോ-ഓർഡിനേറ്ററായിരുന്നു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.