മൂന്നാർ: നല്ല മഴയും തണുപ്പുമായതിനാൽ പെട്ടിമുടി ലയത്തിലുള്ളവർ രാത്രി ആഹാരം കഴിച്ചിട്ട് നേരത്തേ ഉറക്കംപിടിച്ചിരുന്നു. രാത്രി വലിയ മുഴക്കത്തോടെ ഉരുൾ അവരുടെ ജീവിതങ്ങൾക്ക് മുകളിലേക്കു പാഞ്ഞെത്തി. അപകടം അധികൃതർ അറിയുന്നത് വെള്ളിയാഴ്ച രാവിലെ. രക്ഷാപ്രവർത്തനം വൈകാൻ ഇത് കാരണമായി. പോലീസ്, റവന്യൂ അധികൃതർ അവിടെ എത്തുമ്പോഴേക്കും രാവിലെ 10 മണി കഴിഞ്ഞിരുന്നു.

മൂന്നുദിവസമായി മഴ തുടരുന്നതിനാൽ പെട്ടിമുടി ഉൾപ്പെടുന്ന രാജമല മേഖലയിൽ വൈദ്യുതിയില്ലായിരുന്നു. ഫോൺ അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ട നിലയിലായിരുന്നു. ടാറ്റയുടെ നിയന്ത്രണത്തിലുള്ള കെ.ഡി.എച്ച്.പി. കമ്പനിയുടെ ഫീൽഡ് ഓഫീസർ സെന്തിൽകുമാർ പതിവ് സന്ദർശനത്തിനിറങ്ങിയപ്പോഴാണ് പെട്ടിമല ദുരന്തഭൂമിയായെന്നറിയുന്നത്.