കോന്നി(പത്തനംതിട്ട): ക്വാറികൾക്ക് ലൈസൻസ് കിട്ടാൻ 200 മീറ്റർ ദൂരപരിധി വേണമെന്ന ഹരിത ട്രൈബ്യൂണലിന്റെ വിധി നിലവിലുള്ള പാറമടകളെയും ക്രഷറുകളെയും ബാധിക്കില്ല. പുതുതായി തുടങ്ങുന്ന ക്രഷറുകൾക്കും പാറമടകൾക്കും ഇത് ബാധകമായിരിക്കും.

പെർമിറ്റ് പുതുക്കുന്ന കാര്യത്തിലും ഹരിതട്രൈബ്യൂണലിന്റെ വിധി അനുസരിക്കേണ്ടിവരും. ഹരിതട്രൈബ്യൂണലിന്റെ ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണേന്ത്യൻ ബെഞ്ചാണ് പാറമടകൾക്ക് ദൂരപരിധി വർധിപ്പിച്ച് ഉത്തരവായത്. നിലവിൽ റോഡിൽനിന്ന് 50 മീറ്റർ ദൂരെയുള്ളതിനേ ലൈസൻസ് കൊടുക്കൂ. ഇത് ഉയർത്തിയതോടെ കേരളത്തിലെ ഭൂരിപക്ഷം പാറഖനനവും നിർത്തേണ്ട സ്ഥിതിയായിരുന്നു. ഹരിതട്രൈബ്യൂണൽ വിധിക്കെതിരേ ക്രഷറുടമകൾ ഹൈക്കോടതിയിൽനിന്ന്‌ സ്റ്റേ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

പാറമടകളും ക്രഷറുകളുമായി 680 എണ്ണമാണ് കേരളത്തിലുള്ളത്, ഇതിൽ അഞ്ചുവർഷത്തെ ലീസ് പെർമിറ്റും പന്ത്രണ്ടുവർഷത്തെ പെർമിറ്റും ഉള്ള ക്വാറികളാണ് കൂടുതലും. എറണാകുളം ജില്ലയിലാണ് പാറഖനനം കൂടുതലായി നടക്കുന്നത്.

കഴിഞ്ഞ സാമ്പത്തികവർഷം എൺപതുകോടി രൂപയാണ്, പാറഖനനത്തിന് പെർമിറ്റ് നൽകിയവകയിൽ സർക്കാരിന്റെ വരുമാനം. പാറഖനനത്തിന്‌ നിരോധനം വന്നിരുെന്നങ്കിൽ സർക്കാരിന്റെ വരുമാനത്തിനും ഇടിവുണ്ടാകുമായിരുന്നു. പുതിയ പാറമടകൾക്കും വൻകിട ക്രഷർ യൂണിറ്റുകൾക്കുമായി പല സ്ഥലങ്ങളിലും നീക്കം നടക്കുന്നുണ്ട്. ഇരുനൂറ്‌ മീറ്റർ ദൂരപരിധി ഇവരുടെ കാര്യത്തിൽ നടപ്പാക്കാനാണ് സർക്കാർതീരുമാനം.

നിലവിലുള്ള ഖനനപെർമിറ്റുകൾ അവസാനിച്ചശേഷം പുതുക്കേണ്ടതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ക്വാറികളിൽ നടത്തിയ പരിശോധനയിൽ പന്ത്രണ്ടുകോടി രൂപ പിഴയീടാക്കി. നാൽപ്പത്തിരണ്ട്‌ ക്വാറിയാണ് ജില്ലയിലുള്ളത്. നാൽപ്പത്തിരണ്ടുലക്ഷം ടൺ പാറ പ്രതിവർഷം ഖനനം ചെയ്യാനാണ് അനുമതി. അളവിൽ കൂടുതൽ പാറഖനനം നടത്തിയതിനും കാലാവധി കഴിഞ്ഞ്‌ പെർമിറ്റില്ലാതെ പാറ പൊട്ടിച്ചതിനുമാണ് പിഴയീടാക്കിയത്. സംസ്ഥാനത്ത ഏറ്റവും കൂടുതൽ പിഴയീടാക്കിയ ജില്ലയാണ് പത്തനംതിട്ട.