കൊച്ചി: സംസ്ഥാന ലൈബ്രറി കൗൺസിലിലെ 60 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ, ഈ ജീവനക്കാർക്ക് ദിവസവേതനക്കാരായി തുടരാമെന്നും ജസ്റ്റിസ് എ.എം.ഷെഫീഖും ജസ്റ്റിസ് പി.ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നല്കിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് സുപ്രീംകോടതി വിധികളുടെയും ഇതേ വിഷയത്തിൽ നേരത്തെയുള്ള ഹൈക്കോടതിവിധിയുടെയും ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ലൈബ്രറി കൗൺസിലിന്റെ നിയമനങ്ങൾ 2012-ൽ സർക്കാർ പി.എസ്.സി.ക്കു വിട്ടിരുന്നു. ഇത് മറികടന്നാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.