തിരുവനന്തപുരം: സംസ്ഥാന ട്രഷറിയിൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതിനെപ്പറ്റി മാർഗനിർദേശം നൽകാനും കൺസൽട്ടൻസി. ഏണസ്റ്റ് ആൻഡ് യങ്ങിനെയാണ് നിയോഗിച്ചത്. 1.54 കോടിക്കാണ് കരാർ, നികുതി പുറമേ. ഏതാണ്ട് രണ്ടുകോടി ചെലവുവരും. തട്ടിപ്പിന് കാരണമായ പിഴവുള്ള സോഫ്റ്റ്‌വേറും ഈ സംവിധാനത്തിന്റെ ഭാഗമാണ്.

കഴിഞ്ഞവർഷം ജനുവരിയിലാണ് കൺസൽട്ടൻസിയെ ഏർപ്പെടുത്താൻ അനുമതി നൽകിയത്. പത്തുമാസത്തിനുമുമ്പ് ട്രഷറി ഡയറക്ടറേറ്റിനടുത്ത് കൺസൽട്ടൻസിക്ക് പ്രവർത്തിക്കാൻ വാടകയ്ക്ക് കെട്ടിടവുമെടുത്തു. എന്നാൽ, കോവിഡ് കാരണം പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിലായില്ല.

‘ഐ.എസ്.ഒ. 27001’ നിലവാരത്തിലുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റമാണ് ട്രഷറിയിൽ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇതിനകം നടപ്പാക്കിയ ട്രഷറി കോർബാങ്കിങ് സംവിധാനത്തിലെ പിഴവ് മുതലെടുത്ത് വഞ്ചിയൂർ ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായിരുന്ന ബിജുലാൽ രണ്ടുകോടി രൂപയും അക്കൗണ്ടിൽ പണമില്ലാതെ തന്നെ 77 ലക്ഷവും തട്ടിയിരുന്നു.