രാജപുരം: തലക്കാവേരി ബ്രഹ്മഗിരിമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ദുഷ്കരമാക്കി ഭാഗമണ്ഡലത്ത് കനത്തമഴ തുടരുന്നു. ഇതോടെ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ രണ്ടുദിവസമായി തുടരുന്ന തിരച്ചിൽ താത്കാലികമായി നിർത്തി. ശനിയാഴ്ച രാവിലെ വീണ്ടും തുടരും.

ബുധനാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരി നാരായണ ആചാറും ഭാര്യയുമടക്കമുള്ള അഞ്ചുപേരെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ വൈകുന്നേരം നാലിന് അവസാനിപ്പിച്ചു.

ത്രിവേണിസംഗമത്തിൽ വെള്ളം ഉയർന്നതോടെ ഭാഗമണ്ഡല ടൗണിലും ഭഗണ്ഡേശ്വര ക്ഷേത്രത്തിലുമടക്കം വെള്ളംകയറി. ബോട്ടുകൾ എത്തിച്ചാണ് പ്രദേശവാസികളെ സുരക്ഷിതസ്ഥലങ്ങളിലേക്ക്‌ മാറ്റിയത്. വൈദ്യുതിവിതരണം തടസ്സപ്പെട്ടിരിക്കയാണ്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ തലക്കാവേരി മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങളെ ഭാഗമണ്ഡല കെ.വി.ജി.കോളേജിലെ ദുരിതാശ്വാസകേന്ദ്രത്തിലേക്കുമാറ്റി.

കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി ബി. സോമണ്ണ, കെ.ജി.ബൊപ്പയ്യ എം.എൽ.എ. എന്നിവർ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്ഥലത്തെത്തിയിട്ടുണ്ട്.