മൂന്നാർ: ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ വനാതിർത്തിയിൽപ്പെട്ട പ്രദേശത്തുനിന്നാണ് ഉരുൾപൊട്ടിയെത്തിയത്. അത് അവിടെനിന്ന് രണ്ടുകിലോമീറ്റർ താഴേക്ക്‌ പതിച്ചു. ഇരവികുളം ദേശീയ ഉദ്യാനത്തിനുതാഴെ കെ.ഡി.എച്ച്.പി. കമ്പനിയുടെ തേയിലത്തോട്ടങ്ങളാണ്. ഇതിനുംതാഴെയാണ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ.

മുകളിൽനിന്ന്‌ തോട്ടത്തിലൂടെ കടന്നുപോകുന്ന നീർച്ചാലുണ്ട്. തൊഴിലാളികൾ കുടിവെള്ളത്തിനുവരെ ഇതിനെ ആശ്രയിച്ചിരുന്നു. ഇത് ലയങ്ങൾക്കു സമീപത്തുകൂടെ ഒഴുകി താഴെ പെട്ടിമുടി പുഴയിലാണ് ചേരുന്നത്. നാലുദിവസമായി വനത്തിലും തേയിലത്തോട്ടത്തിലും ശക്തമായ മഴയായിരുന്നു. ഇതിനുപിന്നാലെ, വ്യാഴാഴ്ച രാത്രി ഈ നീർച്ചാൽവഴിയാണ് ഉരുൾപൊട്ടി താഴേക്കൊഴുകിയത്.

മലമുകളിൽനിന്നുള്ള കല്ലും മണ്ണും വെള്ളവും ഈ നീർച്ചാലിനെ ലയങ്ങൾക്കുമുകളിലൂടെ കണ്ണീർപ്പുഴയാക്കി ഒഴുക്കി. കെട്ടിടഭാഗങ്ങളും മണ്ണുമെല്ലാം താഴെ പുഴയിലേക്ക് പതിച്ചു. മാങ്കുളം ഭാഗത്തേക്കാണ് ഈ പുഴ ഒഴുകുന്നത്.