ശബരിമല: കനത്ത മഴയെ തുടർന്ന് പമ്പ-ത്രിവേണിയിൽ മണൽപ്പുറം പൂർണമായും വെള്ളത്തിനടിയിലായി. വ്യാഴാഴ്ച വൈകീട്ട് പടിക്കെട്ടുവരെയായിരുന്നു വെള്ളം. വെള്ളിയാഴ്ച രാവിലെയോടെ മണൽപ്പുറത്തേക്കു കയറി. വനത്തിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്നാണു വിവരം. നദിയിലൂടെ വലിയ മരങ്ങളും തടികളും ഒഴുകിവരുന്നുണ്ട്. മണൽപ്പുറത്ത് കെട്ടിയിരുന്ന കടകളിലൊരെണ്ണം ഒലിച്ചുപോയി. രാവിലെ ത്രിവേണി പാലത്തിലൂെട വെള്ളം ഒഴുകിയെങ്കിലും ഉച്ചയോടെ പാലത്തിന്റെ ബീമിനു കീഴിലേക്കു താഴ്ന്നു.

ശനിയാഴ്ച നിറപുത്തിരി ചടങ്ങുകൾക്കായി ശബരിമല ക്ഷേത്രനട തുറക്കാനിരിക്കേയാണ് പമ്പ-ത്രിവേണിയിൽ വീണ്ടും വെള്ളം കയറിയത്. 2018-ൽ നെൽക്കതിർ എത്തിക്കാൻ പമ്പ നീന്തിക്കടക്കേണ്ടിവന്നിരുന്നു. അതിനുശേഷം നിറപുത്തിരിക്കായുള്ള നെല്ല് സന്നിധാനത്തുതന്നെ കൃഷിചെയ്യുകയാണ്. അതുകൊണ്ട് ഇത്തവണ ചടങ്ങുകൾ മുടങ്ങില്ല.

മേൽശാന്തി സന്നിധാനത്തുണ്ട്. ജലനിരപ്പ് കൂടുതൽ ഉയർന്നാൽ തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരെ എങ്ങനെ എത്തിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. വെള്ളം കുറഞ്ഞാൽ പമ്പവഴി തന്നെ സന്നിധാനത്തേക്ക് പോകും. ചാലക്കയത്ത് മണ്ണിടിഞ്ഞ് പമ്പയിലേക്കുള്ള വഴി തടസ്സപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടാണ് നിറപുത്തിരി ചടങ്ങുകൾക്കായി നട തുറക്കുന്നത്. ഞായറാഴ്ച പുലർച്ചെ 5.50-നും 6.20-നും മധ്യേയാണ് നിറപുത്തിരി പൂജ.