മൂന്നാർ: മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെ പെട്ടിമുടിയിൽ ഉരുൾപൊട്ടി തൊഴിലാളിലയങ്ങൾക്കുമേൽ വീണ് 15 പേർ മരിച്ചു. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ നാമാവശേഷമാക്കിയ ദുരന്തത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ 51 പേരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ നാലുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ മൂന്നുപേരെ കോലഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ശബ്ദം കേട്ടിറങ്ങിയോടിയ ഒമ്പതുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആറുമാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിക്കാനായി. കനത്ത മഴയും മൂടൽമഞ്ഞും തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. വ്യാഴാഴ്ച രാത്രി 10.45-നുണ്ടായ ദുരന്തം പുറംലോകമറിഞ്ഞത് പത്തു മണിക്കൂറിനു ശേഷമാണ്.

തകർത്തെറിഞ്ഞ്

ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്കു പതിച്ചു. ഉറക്കത്തിലായിരുന്നതിനാൽ ആളുകളിൽ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല. കമ്പിളിപുതച്ച നിലയിലായിരുന്നു കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം.

ജനവാസ പ്രദേശമായ ഇവിടെ മണ്ണും ചെളിയും വലിയ കല്ലുകളും വന്ന് മൂടി. ആളുകൾ പുഴയിലൂടെ ഒഴുകിപ്പോയെന്നും സംശയിക്കുന്നു. കണ്ണൻദേവൻ പ്ളാന്റേഷനിലെ ഫീൽഡ് ഓഫീസർ രാവിലെ പെട്ടിമുടിയിലെത്തിയപ്പോഴാണ് ദുരന്തമറിയുന്നത്. അദ്ദേഹം ബൈക്കിൽ മൂന്നാറിലെത്തി പോലീസിൽ അറിയിച്ചു.

30 വീട്; 79 പേർ

നാലുനിരകളിലായി 30 ഒറ്റമുറി വീടുകളിൽ 79 പേരാണ് താമസിച്ചിരുന്നത്. മഴയെത്തുടർന്ന് ജോലി നിർത്തിവെച്ചിരുന്നതിനാൽ എല്ലാവരും ലയങ്ങളിലുണ്ടായിരുന്നു. വീടുകൾ കൂടാതെ കാന്റീനും ലേബർ ക്ലബ്ബും 17 വാഹനങ്ങളും തകർന്നു.

തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ

ഗാന്ധിരാജ് (48), രാമലക്ഷ്മി (40), മയിൽസ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാൾ (42), സിന്ധു (13), നിധീഷ് (25), പനീർശെൽവം ( 50), ഗണേശൻ (40), മുരുകൻ (46), ഭാര്യ ശിവകാമി (38), മകൻ വിശാൽ (12).