കോട്ടയം: പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായങ്ങൾക്ക് പൈതൃകപദവി നൽകുന്നതിന് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളിൽ വിശ്വകർമജരുടെ തൊഴിലുകളെക്കൂടി ഉൾപ്പെടുത്തണമെന്ന് കേരള വിശ്വകർമസഭ. ഈ ആവശ്യമുന്നയിച്ച് കമ്മിഷൻ മുൻപാകെ സഭ നിർദേശങ്ങൾ സമർപ്പിച്ചതായി കേരള വിശ്വകർമസഭ സംസ്ഥാന പ്രസിഡൻറ് അഡ്വ. സതീഷ് ടി.പദ്‌മനാഭൻ അറിയിച്ചു.

ഇരുമ്പിലും മരത്തിലും ശിലയിലും ഓട്ടുലോഹത്തിലും സ്വർണത്തിലും നൂറ്റാണ്ടുകളായി പണിയെടുക്കുന്നവരാണ് വിശ്വകർമജർ. ഇവരുടെ ഉത്‌പന്നങ്ങളാണ് പൈതൃകവ്യവസായങ്ങൾക്ക് അടിസ്ഥാനം.

ആധുനിക ശാസ്ത്രസാങ്കേതിക യന്ത്രവത്കരണത്താൽ ഈ സമൂഹത്തിന്റെ തൊഴിൽമേഖല വലിയ വെല്ലുവിളി നേരിടുകയാണ്. ആയതിനാൽ ഈ പരമ്പരാഗതമേഖലയെ പൈതൃകപദവി നൽകി സംരക്ഷിക്കണം. ഇതിനായി കേന്ദ്രസർക്കാർ ഡോ. സി.വി.ആനന്ദബോസിനെയാണ് ഏകാംഗ കമ്മിഷനായി നിയമിച്ചത്. സഭ നൽകിയ നിർദേശങ്ങൾകൂടി പരിഗണിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മിഷൻ അറിയിച്ചതായി സതീഷ് ടി.പദ്‌മനാഭൻ പറഞ്ഞു.