കൊല്ലം : കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി യോഗങ്ങൾ ഓൺലൈനിൽ ചേരുന്നതിന് സർക്കാർ അനുമതി നൽകി. ക്വാറം ഉൾപ്പെടെ യോഗനടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ചട്ടപ്രകാരം സ്വീകരിക്കണം. ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് സിറ്റിങ് ഫീസടക്കമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷനുമായി കൂടിയാലോചിച്ച് സെക്രട്ടറിയാണ് യോഗം വിളിക്കേണ്ടത്. ഏത് ഓൺലൈൻ മാധ്യമമാണ് സ്വീകരിക്കേണ്ടതെന്നും ഇരുവരും ചേർന്ന് തീരുമാനിക്കണം.

യോഗത്തിന്റെ അറിയിപ്പ് അംഗങ്ങൾക്ക് മുൻകൂട്ടി നൽകണം. അംഗങ്ങൾക്കും യോഗത്തിൽ എത്തേണ്ട ഉദ്യോഗസ്ഥർക്കും യോഗത്തിന്റെ ലിങ്ക് എസ്.എം.എസ്. ആയോ ഇ-മെയിൽ, വാട്‌സാപ്പ് സന്ദേശമായോ അയച്ചുനൽകേണ്ടതാണ്. യോഗത്തിന്റെ അജൻഡയും മറ്റ് രേഖകളും പങ്കുവയ്ക്കണം. ഹാജരും മിനിറ്റ്‌സും സെക്രട്ടറി രേഖപ്പെടുത്തുകയും യോഗാധ്യക്ഷൻ ഒപ്പുവയ്ക്കുകയും വേണം. തദ്ദേശസ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥതല യോഗങ്ങൾ, ജില്ലാ ആസൂത്രണസമിതി യോഗം, അപ്പീൽ കമ്മിറ്റി യോഗം തുടങ്ങിയവയും ഓൺലൈനായി ചേരാവുന്നതാണ്.