ഇരിട്ടി: ബാരാപോൾ പുഴയുടെ ഭാഗമായ അയ്യൻകുന്ന് പഞ്ചായത്തിലെ മുടയരഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കേബിൾ ടി.വി. തൊഴിലാളി മരിച്ചു. എടപ്പുഴ സ്വദേശിയും ഇപ്പോൾ എടത്തൊട്ടിയിൽ താമസക്കാരനുമായ പാടിക്കൽ ജോം തോമസ് എന്ന ജോമറ്റ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പുഴയ്ക്കുകുറുകെ കേബിൾ വലിക്കുന്നതിനിടയിലാണ് സംഭവം.

അങ്ങാടിക്കടവ് ഇന്റൽ കേബിൾ കമ്യൂണിക്കേഷൻ ജീവനക്കാരനായ ജോമറ്റ്‌ രാവിലെ 11.30-ഒാടെ കേബിൾ വലിക്കാൻ പുഴ കടക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞദിവസമുണ്ടായ ചുഴലിക്കാറ്റിൽ വൈദ്യുതത്തൂൺ പൊട്ടിവീണിരുന്നു. ഇതോടൊപ്പം കേബിളും തകർന്നു. കെ.എസ്.ഇ.ബി. ജീവനക്കാർക്കൊപ്പം വൈദ്യുതത്തൂൺ നന്നാക്കി കേബിൾ വലിച്ചുകെട്ടുകയായിരുന്നു. അക്കരെയുണ്ടായിരുന്ന കേബിളെടുക്കാൻ അരയിൽ കയർകെട്ടി പുഴ കടക്കുന്നതിനിടയിലാണ് ഒഴുക്കിൽപ്പെട്ടത്‌.

മുടിയരഞ്ഞി ചെക്ക്‌ഡാമിന് 400 മീറ്റർ അകലെയാണ് അപകടം. അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും വള്ളിത്തോട് ഒരുമ റസ്ക്യൂ ടീം പ്രവർത്തകരും മൂന്നുമണിക്കൂർ നീണ്ട തിരച്ചലിനൊടുവിൽ ഡാമിനുസമീപത്തുനിന്ന്‌ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സോണിയ. സഹോദരങ്ങൾ: ജീംനിറ്റ്, ബ്രിൻസി.