കണ്ണൂർ: കേരള ഗ്രാമീൺ ബാങ്കിൽ കമ്മിഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ദിനനിക്ഷേപ ഏജന്റുമാർക്ക് ആശ്വാസ സഹായം നിഷേധിച്ചതായി പരാതി. ഇതുസംബന്ധിച്ച് കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, മുഖ്യമന്ത്രി, പാർലമെന്റ് അംഗങ്ങൾ എന്നിവർക്ക് നിവേദനം നൽകി.

കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ എല്ലാവിഭാഗം തൊഴിലാളികൾക്കും ആശ്വാസകരമായ പാക്കേജുകൾ നടപ്പാക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശം നൽകിയിരുന്നു. എന്നാൽ കേരള ഗ്രാമീൺ ബാങ്കിൽ ഒരുവിഭാഗം തൊഴിലാളികൾക്ക് മാത്രം ഒരു സഹായവും ഇതുവരെ അനുവദിച്ചിട്ടില്ല.

ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ മറ്റൊരു വിഭാഗത്തിന് 60 ലക്ഷത്തോളം രൂപ ബാങ്ക് സൗജന്യമായി നൽകിയിട്ടുമുണ്ട്. സംസ്ഥാനത്ത് 14 ജില്ലകളിലായി 600-ലധികം ഏജന്റുമാർ ജോലിചെയ്യുന്നുണ്ട്. നിക്ഷേപ ഏജന്റുമാർക്ക് അർഹമായ ആശ്വാസസഹായം നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.