കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ പദ്ധതികളുടെ മുഴുവൻഭാരവും വില്ലേജ് എക്സെറ്റൻഷൻ ഓഫീസർമാരുടെ (വി.ഇ.ഒ.) ചുമലിലേക്ക്. തദ്ദേശസ്ഥാപനങ്ങളുടെ അസിസ്റ്റന്റ്‌ സെക്രട്ടറിമാർക്ക് നൽകിയിരുന്ന ചുമതലകൾകൂടി വി.ഇ.ഒ.മാരെ ഏൽപ്പിച്ചു. അസി. സെക്രട്ടറിമാരെ കോവിഡ് നോഡൽ ഓഫീസർമാരായി നിയമിച്ചതിനാലാണ് അവരുടെ ചുമതലകൾ വി.ഇ.ഒ.മാരെ ഏൽപ്പിച്ചത്.

മാലിന്യസംസ്കരണത്തിന് സമഗ്രപദ്ധതി തയ്യാറാക്കേണ്ടതും മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി (എം.സി.എഫ്.) ഉറപ്പുവരുത്തേണ്ടതും ഇനി വി.ഇ.ഒ.മാരുടെ ഉത്തരവാദിത്വമാണ്. ജൈവമാലിന്യസംവിധാനം ഹരിതകർമസേനയുടെ സഹായത്തോടെ തിട്ടപ്പെടുത്തുക, ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ ഉപയോഗം സംബന്ധിച്ച പരിശീലനം സംഘടിപ്പിക്കുക, ഹരിതകർമസേനയ്ക്ക് ആവശ്യമായ സാങ്കേതികപരിശീലനം നൽകുക, മിനി എം.സി.എഫുകൾ സ്ഥാപിക്കുക തുടങ്ങിയ ജോലികളും വി.ഇ.ഒ.മാരെ ഏൽപ്പിച്ചു.

മാലിന്യസംസ്കരണത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ചുമതലകൾ വ്യക്തമാക്കി മൂന്നാഴ്ചമുൻപ്‌ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ഹരിതകർമസേനയുടെ ഏകോപനവും മേൽനോട്ടവും അസിസ്റ്റന്റ്‌ സെക്രട്ടറിമാരുടെ ചുമതലയാണ്. കഴിഞ്ഞദിവസം സ്പഷ്ടീകരണ ഉത്തരവിലൂടെ ഹരിതകർമസേനയുടെ ചുമതലകളെല്ലാം വി.ഇ.ഒ.മാരെ ഏൽപ്പിക്കുകയായിരുന്നു. വീടുകളിൽനിന്ന് വൃത്തിയുള്ള അജൈവ പാഴ്‌വസ്തുക്കളാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതും സഹകരിക്കാത്തതും യൂസർഫീ നൽകാത്തതുമായവരുടെ വിവരങ്ങൾ സെക്രട്ടറിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതും ഇനി വി.ഇ.ഒ.മാരുടെ ജോലിയാണ്.

എന്നാൽ ഹരിതകർമസേനയുടെ മേൽനോട്ടച്ചുമതല വി.ഇ.ഒ.മാർക്ക് നൽകിയത് അപ്രായോഗികമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. കുടുംബശ്രീയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ ഹരിതകർമസേന. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറിയും പരാതിപരിഹാരസമിതി കൺവീനറും തദ്ദേശസ്ഥാപനങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറിമാരാണ്. ഈ സമിതിയിൽ വി.ഇ.ഒ.മാർ അംഗംപോലുമല്ല. ഒട്ടേറെ ഫീൽഡ്തല ജോലിയുള്ള വി.ഇ.ഒ.മാർക്ക് പുതിയ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ കഴിയുമോയെന്നും സംശയമുണ്ട്.