തിരുവനന്തപുരം: അനാവശ്യ ആശങ്കകൾ മാറ്റിവെച്ച് കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച അഞ്ചുലക്ഷത്തില്പരം ആളുകളിൽ ആർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രതിരോധ മരുന്നിനെതിരേ ചിലർ നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നുണ്ട്.

കോവിഡ് വാക്‌സിനെടുക്കുന്ന ആളുകളിൽ കുറച്ചുപേർക്ക് വാക്‌സിനെടുത്ത അന്നോ തൊട്ടടുത്ത ദിവസമോ ശരീരക്ഷീണം, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ശരീരത്തിൽ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങളാണവ. അവ കോവിഡിന്റെ ലക്ഷണങ്ങളല്ല. ഒന്നോ രണ്ടോ ദിവസങ്ങളിൽ ആ ബുദ്ധിമുട്ടുകൾ മാറും.