തിരുവനന്തപുരം: വിശാഖപട്ടണത്തു നടന്ന ഇന്ത്യ സ്കിൽസ് സൗത്ത് മേഖല മത്സരത്തിൽ കേരളം 39 ഇനങ്ങളിലായി 16 സ്വർണവും 16 വെള്ളിയും നേടി.

കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന്‌ 51 തൊഴിൽമേഖലകളിലായി 19 വയസ്സിനും 24 വയസ്സിനും മധ്യേയുള്ള 400 പേർ പങ്കെടുത്തു. വിശാഖപട്ടണത്തെ വിവിധ വ്യാവസായിക പരിശീലനസ്ഥാപനങ്ങളിലായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ആന്ധ്രപ്രദേശ് വാണിജ്യവ്യവസായ നൈപുണ്യമന്ത്രി എം.ഗൗതം റെഡ്ഡി നിർവഹിച്ചു.

32 മെഡലുകളുമായി ദക്ഷിണേന്ത്യയിൽ കേരളം ഒന്നാംസ്ഥാനവും 29 മെഡലുകളുമായി കർണാടക രണ്ടാംസ്ഥാനവും നേടി. സ്വർണവും വെള്ളിയും നേടിയ വിദ്യാർഥികൾക്ക് ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം. 2020 ഫെബ്രുവരിയിൽ കോഴിക്കോടു നടന്ന ഇന്ത്യ സ്കിൽസ് കേരള നൈപുണ്യമത്സരത്തിൽ വിജയിച്ചവരാണ് ദക്ഷിണമേഖലാ മത്സരത്തിൽ പങ്കെടുത്തത്.