മലപ്പുറം: ജില്ലയിൽ മൂന്നിടത്തായി കൊച്ചി ഡി.ആർ.ഐ. സംഘം നടത്തിയ റെയ്ഡിൽ 9.45 കിലോ സ്വർണവും 63 ലക്ഷം രൂപയും പിടിച്ചെടുത്തു. ഏഴുപേരെ അറസ്റ്റുചെയ്തു. പിടിച്ചെടുത്ത സ്വർണത്തിന് 4.75 കോടി രൂപ വിലവരും.

അരീക്കോടിനടുത്ത കാവന്നൂരിലും വെള്ളിലയിലും കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് കോടികളുടെ കള്ളക്കടത്തുസ്വർണം പിടിച്ചത്. കാവനൂരിലെ സ്വർണമുരുക്കൽ കേന്ദ്രത്തിൽനിന്നാണ് 5.8 കിലോ സ്വർണം പിടിച്ചത്. കേന്ദ്രം ഉടമയും സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയുമായ കാവന്നൂർ ഏലിയാപറമ്പിലെ ഫസലുറഹ്‌മാന്റെ വീട്ടിൽനിന്നും വെള്ളില സ്വദേശിയായ അലവിയുടെ വീട്ടിൽനിന്നും സ്വർണവും പണവും കണ്ടെടുത്തു.

കള്ളക്കടത്ത് സ്വർണവുമായെത്തി കൊച്ചിയിൽ പിടിയിലായ ഇസ്മായിൽ ഫൈസൽ, കരിപ്പൂരിൽ പിടിയിലായ പോത്തൻ ഉനൈസ് എന്നിവരിൽനിന്നാണ് സ്വർണം എടുക്കുന്നയാളെക്കുറിച്ചും സ്വർണമുരുക്കൽ കേന്ദ്രത്തെക്കുറിച്ചും വിവരം ലഭിക്കുന്നത്. അങ്ങനെയാണ് ഫസലുറഹ്‌മാനെത്തേടി ഡി.ആർ.ഐ. എത്തുന്നത്. സ്വർണമുരുക്കൽ കേന്ദ്രത്തിലേതുകൂടാതെ ഫസലു റഹ്‌മാന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 850 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

സ്വർണം വിൽക്കുന്ന അലവിയുടെ വീട്ടിൽ തുടർന്ന് പരിശോധന നടത്തി. അവിടെനിന്ന് 1.5 കിലോ സ്വർണവും 62 ലക്ഷം രൂപയും പിടിച്ചെടുത്തു. ഫസലു റഹ്‌മാനെക്കൂടാതെ കൂട്ടാളികളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദ്ദീൻ, മുഹമ്മദ് അഷ്‌റഫ്, ആഷിക് അലി, വീരാൻകുട്ടി, അലവി എന്നിവരാണ് പിടിയിലായത്. ഇവരേയും നേരത്തേ പിടിയിലായ ഇസ്മയിൽ ഫൈസൽ, പോത്തൻ ഉനൈസ് എന്നിവരേയും കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പോത്തൻ ഉനൈസ്, ഇസ്മായിൽ ഫൈസൽ, മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദ്ദീൻ എന്നിവരെ ജാമ്യത്തിൽ വിട്ടു. മറ്റുള്ളവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡി.ആർ.ഐ. അറിയിച്ചു.