കാസർകോട്: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി രണ്ടാം കാമ്പസിന് ആർ.എസ്.എസ്. സർസംഘചാലകായിരുന്ന ഗോൾവാൾക്കറുടെ പേരിട്ടതിനെ ന്യായീകരിച്ച്‌ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നെഹ്രു ഏത് വള്ളം തുഴഞ്ഞിട്ടാണ് ആലപ്പുഴയിലെ വള്ളംകളിക്ക് നെഹ്രുട്രോഫിയെന്ന് പേരിട്ടതെന്നും അദ്ദേഹം ചോദിച്ചു.

ഹിന്ദു ബനാറസ് സർവകലാശാലയിൽ സുവോളജി അധ്യാപകനായിരുന്നു ഗോൾവാൾക്കർ. എന്ത് അയോഗ്യതയുടെ അടിസ്ഥാനത്തിലാണ് കാമ്പസിന് അദ്ദേഹത്തിന്റെ പേരിടാൻ പാടില്ലെന്ന് പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഡോ. പൽപ്പുവിന്റെ പേരിടണമെന്ന ശശി തരൂരിന്റെ നിർദേശത്തോട് കോൺഗ്രസ് ഭരിച്ചപ്പോൾ എന്തുകൊണ്ട് ഇത് ആയിക്കൂടായെന്നും മന്ത്രി ചോദിച്ചു.

കർഷകസമരത്തിൽ എന്താണ് പ്രശ്നമെന്നത് ഇനിയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. സമരത്തിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും പിന്തുണ അറിയിച്ച സംഭവത്തിൽ ഇന്ത്യ വീണ്ടും പ്രതികരിക്കും. നയതന്ത്രവിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ല -മന്ത്രി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് എൽ.ഡി.എഫിന് ഭയമുണ്ട്. ഇതിനാലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പറയുന്നത്. ഊരാളുങ്കലിനെതിരായ അന്വേഷണമാണോ മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടാക്കുന്നത്.

സർക്കറിനെ അട്ടിമറിക്കാനുള്ള ശ്രമം കേന്ദ്ര ഏജൻസികൾ നടത്തിയിട്ടില്ല. അദ്ദേഹം പറഞ്ഞു.