തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ എൽ.ഡി.എഫും യു.ഡി.എഫും വർഗീയപ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്വർണക്കടത്ത്, കിഫ്ബി, ലൈഫ്, അഴിമതികളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനും സാമുദായിക ധ്രുവീകരണത്തിനുമാണ് ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വെൽഫെയർ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തിയ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി അവരുമായി ധാരണയില്ലെന്ന് കള്ളംപറയുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ പലസ്ഥലങ്ങളിലും എൽ.ഡി.എഫും യു.ഡി.എഫും ധാരണയിലാണ്. പാലക്കാട്ട് ഇടതുമുന്നണിയും ഐക്യമുന്നണിയും ഒരേ വാട്‌സാപ്പ് ഗ്രൂപ്പിലാണ് പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട മുന്നണികൾ അവസാനത്തെ തുറുപ്പുചീട്ടെടുത്തതിന്റെ ഭാഗമായാണ് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന് ഗോൾവാൾക്കറുടെ പേരിടുന്നത് സംബന്ധിച്ച വിവാദം ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികൾക്കുള്ള പോസ്റ്റൽവോട്ട് എത്തിക്കാൻ സി.പി.എം. പ്രവർത്തകരെയാണ് ഒപ്പം കൂട്ടുന്നത്. കൃത്രിമം കാട്ടിയാൽ തടയും. പോസ്റ്റൽ വോട്ടിലെ അട്ടിമറി അനുവദിക്കില്ല. താമരയ്ക്ക് സമാനമായ റോസാപൂവ് ചിഹ്നം അപരസ്ഥാനാർഥികൾക്ക് നൽകി തിരഞ്ഞെടുപ്പ്കമ്മിഷൻ പക്ഷഭേദം കാണിച്ചതായും സുരേന്ദ്രൻ പറഞ്ഞു.