തിരുവനന്തപുരം: അഴിമതിയാരോപണങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയ കാർഡിറക്കുകയാണെന്ന് യു.ഡി.എഫ്. നേതാക്കൾ. സ്ഥാനാർഥികളെ പാർട്ടി ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്രപരിവേഷം കെട്ടിച്ച് നിർത്തേണ്ട അവസ്ഥയിലാണ് സി.പി.എമ്മെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ പറഞ്ഞു. പരാജയഭീതികൊണ്ട് സി.പി.എം. വർഗീയതയെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കാലടി ഗോപിയെന്ന നാടകത്തിലെ കഥാപാത്രമായ പാഷാണം വർക്കിയുടെ ഭിക്ഷാടനത്തെയാണ് മുഖ്യമന്ത്രിയുടെ വർഗീയപ്രചാരണം ഓർമിപ്പിക്കുന്നതെന്ന് ഹസൻ പറഞ്ഞു. ബി.ജെ.പി.ക്കും കേന്ദ്രസർക്കാരിനും എതിരെ ഒരക്ഷരംപോലും ശബ്ദിക്കാത്ത പിണറായിയാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 2500 വാർഡുകളിൽ ബി.ജെ.പി. സ്ഥാനാർഥികളെ നിർത്താതിരുന്നത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പരാജയം തുറിച്ചുനോക്കുമ്പോഴാണ് സി.പി.എം. വാർഗീയ കാർഡ് ഇറക്കുന്നത്. കോൺഗ്രസിന് ബി.ജെ.പി.യുമായി വിദൂര ബന്ധമെങ്കിലുമുണ്ടെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.