പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പുല്ലൂക്കര മുക്കിൽപീടികയിൽ ബോംബേറിലും തുടർന്നുണ്ടായ അക്രമത്തിലും രണ്ടുപേർക്ക് പരിക്ക്. മുക്കിൽപീടികയിലെ യൂത്ത് ലീഗ് പ്രവർത്തകരായ പാറാൽ മൻസൂർ (20), സഹോദരൻ മുഹസിൻ (27) എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് ആഴത്തിൽ വെട്ടേറ്റ മൻസൂറിന്റെ നിലഗുരുതരമാണ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കൂട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെ ബോംബെറിഞ്ഞ അക്രമിസംഘം മുഹ്സിനെയും തടയാൻചെന്ന സഹോദരൻ മൻസൂറിനെയും വെട്ടി പരിക്കേൽപ്പിച്ചതായി പറയുന്നു. അക്രമികളെ തടയാൻ ശ്രമിച്ച മുഹ്സിന്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. തലശ്ശേരി ഡിവൈ.എസ്.പി., ചൊക്ലി ഇൻസ്പെക്ടർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അക്രമത്തെ ഡി.സി.സി. സെക്രട്ടറി കെ.പി.സാജു അപലപിച്ചു.