കണ്ണൂർ: കണ്ണൂർ ജില്ലയിൽ രാത്രി 8.30 വരെയുള്ള കണക്ക് പ്രകാരം 77.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞതവണ 80.63 ശതമാനമായിരുന്നു. ആകെയുള്ള 20,61,041 വോട്ടർമാരിൽ 16,03,097 പേരാണ് വോട്ട്‌ ചെയ്തത്. ഇതിൽ 8,58,131 പേർ (78.84 ശതമാനം) സ്ത്രീകളും 7,44,960 പേർ (76.58 ശതമാനം) പുരുഷൻമാരും ആറുപേർ ഭിന്നലിംഗക്കാരുമാണ്.

11 മണ്ഡലങ്ങളിലായി 75 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്ത്. ഏറ്റവും കുറഞ്ഞ പോളിങ് തലശ്ശേരി മണ്ഡലത്തിലാണ്-73.93 ശതമാനം. പത്രിക തള്ളിയതിനാൽ ഈ മണ്ഡലത്തിൽ ബി.ജെ.പി.ക്ക് സ്ഥാനാർഥിയുണ്ടായില്ല. എറ്റവും കൂടുതൽ പോളിങ് തളിപ്പറമ്പ് മണ്ഡലത്തിലാണ്-80.94 ശതമാനം. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ 80.22 ശതമാനം പേർ വോട്ടുചെയ്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മത്സരിക്കുന്ന മട്ടന്നൂരിൽ 79.54 ശതമാനം പേർ വോട്ട്‌ രേഖപ്പെടുത്തി.

ചിലയിടത്ത് യന്ത്രത്തകരാറ്്‌ കാരണം വോട്ടെടുപ്പ് തുടങ്ങാൻ വൈകി. പയ്യന്നൂർ മണ്ഡലത്തിലെ മുത്തത്തി എസ്.വി.യു.പി. സ്കൂളിലെ ബൂത്തിൽ വോട്ടിങ്‌ തുടങ്ങാൻ വൈകിയതിനാൽ പോളിങ് സമയം ഒരുമണിക്കൂർ നീട്ടിക്കൊടുത്തു.

കേന്ദ്രസേനയും കർണാടക പോലീസുമടക്കം അയ്യായിരത്തോളം പോലീസുകാരെയാണ് സുരക്ഷാഡ്യൂട്ടിക്ക് നിയോഗിച്ചത്. ആകെയുള്ള 3137 ബൂത്തുകളിലും വെബ് കാസ്റ്റിങ്‌ ഏർപ്പെടുത്തി. മാവോവാദി ഭീഷണയുള്ള മലോയരത്തെ 56 ബൂത്തുകളിൽ പോളിങ് വൈകുന്നേരം ആറിന് അവസാനിച്ചു. കോവിഡ് മുൻകരുതലായി എല്ലാ ബൂത്തുകളിലും ശരീരോഷ്മാവ് പരിശോധനയും സാനിറ്റൈസർ വിതരണവുമുണ്ടായി. വോട്ടർമാർക്കുവേണ്ടി കൈയുറകൾ സജ്ജമാക്കിയിരുന്നെങ്കിലും അപൂർവം ബൂത്തുകളിലേ വിതരണം ചെയ്തുള്ളൂ.