കണ്ണൂർ: വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെടുപ്പിനുശേഷം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നന്ദി അറിയിച്ചത്. ഈ പോരാട്ടത്തിൽ കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും വികസനത്തിന്റെ ജനകീയ മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമായി ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യവിശ്വാസികളോട് ഹാർദമായി നന്ദി പറയുന്നുവെന്ന് പിണറായി ഫെയ്സ്ബുക്കിൽ കുറിച്ചു.

ജനാധിപത്യത്തെ അർഥവത്താക്കാൻ പ്രാപ്തരാക്കുംവിധം അതിന്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളം. ഈ തിരഞ്ഞെടുപ്പിലും അത്‌ തുടരാനായി എന്നത് നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഉന്നതമായ ജനാധിപത്യബോധം ഉയർത്തിപ്പിടിച്ച എല്ലാവരെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മൾ പടുത്തുയർത്തും. ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടുപോകും- പോസ്റ്റിൽ പറയുന്നു.