പയ്യന്നൂർ: പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിൽ പ്രിസൈഡിങ് ഓഫീസറെ മർദിച്ചതായി പരാതി. സ്കൂളിലെ 105 എ ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദനമേറ്റത്. തലശ്ശേരി പാറാൽ ഡി.ഐ.എ. കോളജ് അധ്യാപകനാണ് മുഹമ്മദ് അഷ്‌റഫ്.

റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതാണ് മർദനത്തിന് കാരണമെന്ന് പ്രിസൈഡിങ് ഓഫീസർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച തിരിച്ചറിയൽരേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് മുഹമ്മദ് അഷറഫ് പറഞ്ഞു. എന്നാൽ വോട്ടുചെയ്യാനെത്തിയവർ വെല്ലുവിളിക്കുകയായിരുന്നെന്നും ഒരുകാരണവശാലും വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ മർദിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിസൈഡിങ് ഓഫീസർ പയ്യന്നൂർ താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് അൽപനേരം പോളിങ്‌ നിർത്തിവെച്ചു. പകരം മറ്റൊരാളെ ഏർപ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിങ് പുനരാരംഭിച്ചത്. പ്രിസൈഡിങ് ഓഫീസർക്ക് മർദനമേറ്റ ബൂത്ത് കണ്ണൂർ റൂറൽ എസ്.പി. നവനീത് ശർമ സന്ദർശിച്ചു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ മൊഴിയെടുത്ത പോലീസ് എൽ.ഡി.എഫ്. പോളിങ് ഏജന്റ് എം. പ്രകാശനും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർക്കുമെതിരേ കേസെടുത്തു.