പാലക്കാട്: ചൊവ്വാഴ്ച വൈകുന്നേരം വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പാലക്കാട് ജില്ലയിൽ പ്രാഥമിക കണക്കനുസരിച്ച് 76.19 ശതമാനംപേരാണ് വോട്ട്‌ രേഖപ്പെടുത്തിയത്. സംസ്ഥാനശരാശരിേയക്കാൾ 2.17 ശതമാനം കൂടുതലാണിത്.

ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനം ചിറ്റൂരാണ്. പക്ഷേ, ഏറ്റവുംകൂടുതൽപേർ വോട്ടുചെയ്തത് മലമ്പുഴയിലാണ്. ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം പാലക്കാട്ടാണ്. പാലക്കാട്ടേത് ദേശിയശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു. ആ പ്രചാരണച്ചൂട് വോട്ടർമാരിൽ വേണ്ടത്ര എത്തിയോ എന്ന സംശയം ഇതുണ്ടാക്കുന്നു. കടുത്തമത്സരം നടന്ന തൃത്താല, ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളിൽ മികച്ച പോളിങ് നടന്നു.

2016-ൽ ജില്ലയിൽ 78.36 ശതമാനമായിരുന്നു പോളിങ്. ഇത്‌ കണക്കാക്കുമ്പോൾ 2.17 ശതമാനം കുറവാണ് ഇത്തവണ. എന്നാൽ, 2011-ലെ 75.60 ശതമാനത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പങ്കാളിത്തമാണ് ഇക്കുറി ജില്ലയിലെ വോട്ടർമാരിൽനിന്നുണ്ടായത്. വോട്ടെടുപ്പിൽ ചൊവ്വാഴ്ച ഉച്ചവരെയുണ്ടായ ആവേശം വൈകീട്ടുവരെ നിലനിർത്താനായില്ല. ഉച്ചയോടെതന്നെ അമ്പതുശതമാനത്തിലേറെപ്പേർ വോട്ടുചെയ്തിരുന്നു. ജില്ലയിലെ ചില ബൂത്തുകളിൽ പോളിങ് എട്ടുമണി കഴിഞ്ഞും നീണ്ടു.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിങ് (നിയോജകമണ്ഡലം, ആകെ വോട്ട്, പോൾചെയ്ത വോട്ട്, ശതമാനം, 2016-ലെ ശതമാനം ക്രമത്തിൽ)

തൃത്താല 1,94,108 1,49,522 77.03 78.81

പട്ടാമ്പി 1,94,858 1,49,066 76.50 77.79

ഷൊർണൂർ 1,93,992 1,48,676 76.64 76.61

ഒറ്റപ്പാലം 2,07,723 1,57,371 75.76 76.04

കോങ്ങാട് 1,81,172 1,36,151 75.15 77.13

മണ്ണാർക്കാട് 1,98,223 1,49,579 75.46 78.14

മലമ്പുഴ 2,13,231 1,60,009 75.04 78.52

പാലക്കാട് 1,88,534 1,38,968 73.71 77.01

തരൂർ 1,70,119 1,29,120 75.90 78.89

ചിറ്റൂർ 1,89,203 1,49,527 79.03 82.78

നെന്മാറ 1,92,592 1,47,872 76.78 80.87

ആലത്തൂർ 1,70,984 1,32,581 77.54 77.76